| Wednesday, 27th June 2018, 3:39 pm

'ഞങ്ങളുടെ ശബ്ദത്തെ നിങ്ങള്‍ നിശബ്ദമാക്കി' എന്ന് അമ്മയില്‍ വന്ന് പറയാനുള്ള തന്റേടം അവര്‍ കാണിക്കണമായിരുന്നു: അലന്‍സിയര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: “ഞങ്ങളുടെ ശബ്ദത്തെ നിങ്ങള്‍ നിശബ്ദമാക്കി” എന്ന് അമ്മ സംഘടനയില്‍ വന്ന് പറയാനുള്ള തന്റേടം രാജിവെച്ച നടിമാര്‍ കാണിക്കണമായിരുന്നെന്ന് നടന്‍ അലന്‍സിയര്‍.

അവര്‍ ഉന്നയിക്കുന്ന ധാര്‍മ്മികമായ പ്രശ്‌നങ്ങള്‍ പറയുക വഴി നിശബ്ദമായിരിക്കുന്നവര്‍ക്ക് ഉള്‍പ്പടെ ശബ്ദിക്കാനുള്ള ഒരു സ്‌പെയ്‌സ് അവര്‍ക്ക് ഉണ്ടാക്കണമായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.

ആക്രമിക്കപ്പെട്ട നടി തനിക്ക് വേണ്ട സംരക്ഷണം കിട്ടിയിട്ടില്ല, തനിക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ല എന്ന് പറയുന്നത് അമ്മ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യണമെന്നും അലന്‍സിയര്‍ പറയുന്നു.


“അമ്മ”യുടെ ഭാഗമായ ഒരാളുടെയും സിനിമ ഇനി കാണില്ല; ഇവരുടെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്ന ചാനലുകളുമായും സഹകരിക്കില്ല: ഹരീഷ് വാസുദേവന്‍


രാജി വെച്ചവര്‍ ഈ വിഷയത്തില്‍ ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമായിരുന്നു. പ്രധാനമായും ആക്രമിക്കപ്പെട്ട നടിയ്ക്ക് അമ്മയില്‍ നിന്ന് വേണ്ട പരിഗണന കിട്ടിയില്ലെന്നുള്ളത് ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. അത് അമ്മ വളരെ ഗൗരവത്തോടെ കാണണമെന്നും അലന്‍സിയര്‍ പറയുന്നു.

കോടതിയില്‍ തെളിയുന്നത് വരെ കുറ്റാരോപിതനായ വ്യക്തിയെ കുറ്റക്കാരനാക്കി സംഘടനയില്‍ നിന്ന് പുറത്താക്കിയത് തെറ്റായ നടപടിയായിരുന്നു. അത് തിരുത്തി. ആ തെറ്റ് തിരുത്തി എന്ന് പറയുന്ന പക്ഷത്താണ് ഞാന്‍.


അമ്മയില്‍ കൂട്ടരാജി; കുറ്റാരോപിതനെ സംരക്ഷിക്കുന്ന സംഘടനയുടെ ഭാഗമാകുന്നതില്‍ അര്‍ത്ഥമില്ല


അദ്ദേഹത്തെ കുറ്റം തെളിയുന്നത് വരെ മാറി നിക്കൂ എന്ന് പറയുകയാണെങ്കില്‍ ആ പക്ഷത്ത് നില്‍ക്കാമായിരുന്നു. പക്ഷെ അദ്ദേഹത്തെ പുറത്താക്കുകയാണുണ്ടായത്.

എന്തായാലും അമ്മയിലുള്ളത് ഇരയാക്കപ്പെട്ട ഒരു സഹോദരിയും കുറ്റാരോപിതനായ ഒരു വ്യക്തിയെ കുറ്റക്കാരനായി മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥാപിച്ചെടുത്തയാളുമാണ്. കുറ്റവാളിയായി സ്ഥാപിച്ചെടുക്കുന്ന ആ സഹോദരനും ഞങ്ങളുടെ സഹ പ്രവര്‍ത്തകനാണ്.

നടി ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ കുറ്റാരോപിതനായ മനുഷ്യന്‍ ജീവിതത്തില്‍ അത് ചെയ്തിട്ടില്ലെന്ന് തെളിഞ്ഞാല്‍ ഈ മാധ്യമങ്ങളും സമൂഹവും അയാള്‍ക്ക് എന്ത് മറുപടിയാണ് കൊടുക്കുക? അദ്ദേഹം കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ഈ പൊതു സമൂഹം എന്ത് ശിക്ഷയാണ് കൊടുക്കുക. അതുകൊണ്ട് സത്യം തെളിയണമെന്നും അലന്‍സിയര്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more