അപ്പന്‍ താന്‍ ചെയ്യേണ്ടതില്ലെന്ന് തീരുമാനിച്ച സിനിമയായിരുന്നുവെന്ന് നടന്‍ അലന്‍സിയര്‍. ആ സമയത്ത് താന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചതുരം എന്ന ചിത്രത്തില്‍ അഭിനയിക്കുകയായിരുന്നെന്നും ഇട്ടിയെന്ന കഥാപാത്രവുമായി ചെറിയൊരു സാമ്യത ചതുരത്തിലെ കഥാപാത്രത്തിന് തോന്നിയെന്നുമാണ് അലന്‍സിയര്‍ പറയുന്നത്.
രാജീവ് രവി പറഞ്ഞിട്ടാണ് മജു തന്നെ ഈ കഥാപാത്രത്തിന് വേണ്ടി വിളിച്ചതെന്നും ചെയ്യുന്നില്ലെന്നാണ് ആദ്യം മജുവിന് നല്‍കിയ മറുപടിയെന്നും അലന്‍സിയര്‍ പറയുന്നു. പോപ്പര്‍സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അപ്പന്റെ സ്‌ക്രിപ്റ്റ് കേട്ടപ്പോള്‍ ഞാന്‍ അത് ആദ്യം വേണ്ടെന്ന് വെച്ചിരുന്നു. ചതുരത്തിലും സമാനമായ ഒരു കഥാപാത്രമാണ്. എന്നെ മജുവിന് പരിചയപ്പെടുത്തുന്നത് രാജീവ് രവിയാണ്. ഞാന്‍ ചെയ്യുന്നില്ല എന്ന് പറഞ്ഞപ്പോള്‍ മജു അക്കാര്യം രാജീവിനെ വിളിച്ചു പറഞ്ഞു. അങ്ങനെ രാജീവ് രവി എന്നെ വിളിച്ചു. അലന്‍സിയര്‍ എത്രത്തോളം പൊലീസ് വേഷങ്ങള്‍ ചെയ്തിരിക്കുന്നു. ഇതും ഒരു ചലഞ്ചായി എടുക്കൂ എന്ന് പറഞ്ഞു.
രാജീവ് തന്ന ആ കോണ്‍ഫിഡന്‍സിലാണ് അപ്പന്‍ ചെയ്യാന്‍ തീരുമാനിച്ചത്. എനിക്ക് ഇപ്പോഴും ഭയമുണ്ട്. ചതുരം ഇറങ്ങുകയാണ്. രണ്ടും ഒന്നായി തീരുമോ എന്ന ഭയമാണ് അത്. ഞാന്‍ എത്രത്തോളം ഭംഗിയായി ചെയ്തിട്ടുണ്ടെന്ന് അറിയില്ല. രണ്ട് സംവിധായകരുടെ ക്രിയേറ്റിവിറ്റി തന്നെയാണ്. എങ്കിലും ചെറിയൊരു പേടിയുണ്ട്.
അപ്പനില്‍ ഞാന്‍ എന്റെ ശബ്ദത്തില്‍ വ്യത്യാസം വരുത്തിയിട്ടുണ്ട്. എന്റെ വീടിന്റെ അടുത്തുള്ള ഒരാളുണ്ട്. അയാള്‍ വീട്ടില്‍ ഉണ്ടാക്കുന്ന ശബ്ദമുണ്ട്. ആ മോഡ് പിടിക്കാമെന്ന് കരുതി. അങ്ങനെ ഇട്ടിയുടെ ചില ഡയലോഗ് ആ ശബ്ദത്തില്‍ പറഞ്ഞ് സണ്ണി വെയ്‌ന് അയച്ചു കൊടുത്തു. പുള്ളിക്കാരന് അത് ഇഷ്ടമായി. അതിന് ശേഷം ഞാന്‍ മജുവിന് അയച്ചു.
മജു പോലും ഞാന്‍ ഇങ്ങനെ ഒരു ശബ്ദത്തില്‍ സംസാരിക്കുമെന്ന് കരുതിയിട്ടില്ല. മജു അപ്പോള്‍ തന്നെ എനിക്ക് തിരിച്ച് മെസ്സേജ് അയച്ചു. ഗംഭീരമായിട്ടുണ്ട്. ഇത് പിടിക്കാമെന്ന് പറഞ്ഞു. സിങ്ക് സൗണ്ടാണ്. അതിന്റെയൊരു വെല്ലുവിളിയുമുണ്ട്.
ഇട്ടിയ്ക്ക് വേണ്ടി ഒരു പ്രിപ്പറേഷനും താന്‍ നടത്തിയിട്ടില്ലെന്നും ഇത്തരമൊരു ജീവിത സാഹചര്യത്തിലൂടെ കടന്നുപോയിട്ടുള്ള ആളുമല്ല താനെന്നും അലന്‍സിയര്‍ അഭിമുഖത്തില്‍ പറഞ്ഞു.
Content highlight: Alancier about Itty and rajiv Ravi Comment