| Sunday, 1st December 2024, 11:12 am

മികച്ച നടനാണ്, ഒരു ഉത്തേജനം തരുന്ന പെർഫോമൻസാണ് അവന്റേത്: അലൻസിയർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ്‌ ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു. എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന ഗംഭീര നടന്റെ തിരിച്ചുവരവായിരുന്നു.

രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് ചെയ്തത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ. വിക്രം, പുഷ്പ, മാമന്നൻ തുടങ്ങി ഈ വർഷമിറങ്ങിയ രജനികാന്ത് ചിത്രം വേട്ടയനിൽ ഫഹദ് കയ്യടി നേടിയിരുന്നു.

വേട്ടയനിലെ ഫഹദിന്റെ പെർഫോമൻസിനെ കുറിച്ച് സംസാരിക്കുകയാണ് നടൻ അലൻസിയർ. ഫഹദ് ഒരു ഗംഭീര നടനാണെന്നും വേട്ടയൻ കണ്ടപ്പോൾ താൻ മഞ്ജു വാര്യരെ വിളിച്ച് ഫഹദിന്റെ അഭിനയത്തെ കുറിച്ച് പറഞ്ഞിരുന്നുവെന്നും അലൻസിയർ പറഞ്ഞു. ഉത്തേജനം തരുന്ന പെർഫോമൻസാണ് ഫഹദിന്റേതെന്നും അദ്ദേഹം മാസ്റ്റർ ബിന്നിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘ഫഹദ് ഫാസിൽ നല്ല നടനാണ്. ഞാൻ ഈയിടെ വേട്ടയൻ തിരുനെൽവേലിയിൽ വെച്ച് കണ്ടിരുന്നു. ഞാൻ ഉടനെ തന്നെ മഞ്ജു വാര്യരെ വിളിച്ചിട്ട് പറഞ്ഞു. രജിനി സാറല്ല ആ സിനിമയിലെ നായകൻ. പൂണ്ടു വിളയാടിയത് ഫഹദ് ഫാസിലാണെന്ന്. കാരണം ഫഹദിന്റെ പെർഫോമൻസ് നമുക്ക് വേറൊരു തരത്തിൽ ഉത്തേജനം തരുന്നതാണ്,’ അലൻസിയർ പറയുന്നു.

അതേസമയം ഇന്ത്യന്‍ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുഷ്പ 2 ആണ് റിലീസാവാനുള്ള ഫഹദ് ഫാസിൽ ചിത്രം. അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്ത് 2021ല്‍ പുറത്തിറങ്ങിയ പുഷ്പ ദി റൈസിന്റെ തുടര്‍ച്ചയാണ് പുഷ്പ 2. ചിത്രം ഡിസംബര്‍ 5ന് ആഗോളതലത്തില്‍ റിലീസ് ചെയ്യും.

ചിത്രത്തിന്റെ ഓരോ അപ്ഡേറ്റുകള്‍ക്കും വന്‍ വരവേല്‍പ്പാണ് പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിക്കുന്നത്. ഒന്നാംഭാഗത്തിൽ അവസാന നിമിഷങ്ങളിലാണ് ഫഹദിന്റെ ഭൻവർ സിങ് ശെഖാവത്ത് പ്രത്യക്ഷപ്പെടുന്നത്. എന്നാൽ പുഷ്പ 2വിൽ ഫഹദ് ഞെട്ടിക്കുമെന്ന സൂചനയാണ് നേരത്തെയിറങ്ങിയ ട്രെയ്‌ലർ നൽകുന്നത്.

Content Highlight: Alancier  About Fahad Fazil

Video Stories

We use cookies to give you the best possible experience. Learn more