അലനും താഹയും ജയില്‍ മോചിതരായി
Alan Thaha Case
അലനും താഹയും ജയില്‍ മോചിതരായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 11th September 2020, 2:56 pm

കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹാ ഫസലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ഇന്ന് ഉച്ചയോടെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇരുവരും പുറത്തിറങ്ങി.

പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അലനും താഹയും പുറത്തിറങ്ങുന്നത്. ഇരുവരും കുടുംബാംഗങ്ങളോടൊപ്പം കോഴിക്കേട്ടേക്ക് തിരിച്ചു.

ഇരുവരുടേയും ജാമ്യം തടയാന്‍ എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സെപ്തംബര്‍ 9 നാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നത്.

അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്ന് കോടതിയെ എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് സമ്മതിച്ചിരുന്നില്ല.

പാസ്പോര്‍ട്ട് കെട്ടിവെക്കല്‍ ഉള്‍പ്പെടെ 11 ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.

മാവോയിസ്റ്റ് ലഘുലേഖയും ബാനറും വീട്ടില്‍ നിന്ന് കണ്ടെടുത്തെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.

അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.

ഏപ്രില്‍ 27 ന് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അലനും താഹയും വീണ്ടും കൊച്ചി എന്‍.ഐ.എ കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചത്. അതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

താഹയുടെ ശബ്ദപരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു.

അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. അതില്‍ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.

തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Alan Thaha UAPA Bail