| Wednesday, 25th December 2019, 9:00 am

അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്ക് വിട്ട നടപടിക്കെതിരെ ജനകീയ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: വിദ്യാര്‍ത്ഥികളായ അലനും താഹയും പ്രതികളായ പന്തീരാങ്കാവ് യു.എ.പി.എ കേസ് എന്‍.ഐ.എയ്ക്ക് വിട്ട നടപടിക്കെതിരെ ജനകീയ പ്രതിഷേധം. ഡിസംബര്‍ 26 വൈകീട്ട് അഞ്ച് മണിക്ക് കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറില്‍ വെച്ചാണ് ജനകീയ പ്രതിഷേധ പരിപാടി നടക്കുക.

പ്രതിഷേധ പരിപാടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കെ. സച്ചിദാനന്ദന്‍, എം.എന്‍ കാരശ്ശേരി, ബി. രാജീവന്‍, സാറാ ജോസഫ്, യു.കെ കുമാരന്‍, കല്‍പ്പറ്റ നാരായണന്‍, ജോയ് മാത്യു, ജെ. ദേവിക, ദീദി ദാമോദരന്‍, ആശാലത, എന്‍. മാധവന്‍കുട്ടി, പി സുരേന്ദ്രന്‍, കെ. അജിത, കെ.കെ രമ, ഷാഹിന നഫീസ, പ്രിയനന്ദനന്‍, ഷെറി ഗോവിന്ദന്‍, വിധു വിന്‍സന്റ്, ഡോ. ആസാദ്, പ്രകാശ് ബാരെ, ഡോ. കെ.എന്‍. അജോയ് കുമാര്‍, ഡോ. കെ.ടി. രാംമോഹന്‍, എ.പി അഹമ്മദ്, ദീപക് നാരായണന്‍, കെ.പി.ഗിരിജ, കെ.പി പ്രകാശന്‍, പ്രൊഫ. എന്‍.സി ഹരിദാസന്‍, കെ. ഹസീന, എന്‍. .വി ബാലകൃഷ്ണന്‍, വി.പി. സുഹറ, വി.എ ബാലകൃഷ്ണന്‍, പി കെ പ്രിയേഷ് കുമാര്‍, ഡോ. ഐ.വി ബാബു, സീന ഭാസ്‌ക്കര്‍, ബീജ വി.സി, ഗഫൂര്‍ അറയ്ക്കല്‍, തനൂജ ഭട്ടതിരി, കെ.സി. ഉമേഷ്ബാബു, പി.ടി മനോജ് , അനു പാപ്പച്ചന്‍, എം.എം. സചീന്ദ്രന്‍, സി.ആര്‍. നീലകണ്ഠന്‍, വിജി പെണ്‍കൂട്ട്, ഡോ. ഖദീജ മുംതസ്, ഷാജഹാന്‍ മാടമ്പാട്ട്, പി.ടി. ഹരിദാസ്, ഗുലാബ് ജാന്‍, അര്‍ച്ചന പത്മിനി, സുല്‍ഫത്ത്, സ്മിത നെരവത്ത് തുടങ്ങിയവര്‍ രംഗത്തെത്തി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കേസ് എന്‍.ഐ.എക്ക് കൈമാറിയ നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായ ഘട്ടത്തില്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയിരുന്നു.

കോഴിക്കോട്ട് മാവോയിസ്റ്റ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരള പോലീസ് ചാര്‍ജ് ചെയ്ത കേസ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് എന്‍.ഐ.എയെ ഏല്‍പ്പിച്ചത് പ്രതിഷേധാര്‍ഹമാണെന്നും ഈ കേസില്‍ വ്യക്തമായ അന്വേഷണവുമായി സംസ്ഥാന പോലീസ് മുന്നോട്ടുപോകവെയാണ് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം എന്‍.ഐ.എയെ ഏല്‍പ്പിച്ചിരിക്കുന്നതെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.

ക്രമസമാധാനം സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയായിരിക്കെ സംസ്ഥാന സര്‍ക്കാരുമായി ആലോചന പോലും നടത്താതെ കേസ് എന്‍.ഐ.എ യെ ഏല്‍പ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഫെഡറല്‍ സംവിധാനത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ ഇത് സഹായിക്കുകയുള്ളൂവെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അലനും താഹയ്ക്കുമെതിരായ യു.എ.പി.എ കേസ് കൊച്ചി എന്‍.ഐ.എ സംഘം ഡിസംബര്‍ 19 നാണ് ഏറ്റെടുത്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ് അലന്‍, താഹ എന്നിവരെ പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇവര്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടന പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നവംബര്‍ ഒന്നിന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ നടപടിക്കെതിരെ പോളിറ്റ്ബ്യൂറോ അംഗങ്ങളായി പ്രകാശ് കാരാട്ടും എം.എ. ബേബിയും അടക്കുമുള്ളവര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അലനും താഹയും മാവോയിസ്റ്റുകളാണെന്നും അവര്‍ സി.പി.ഐ.എം പ്രവര്‍ത്തകരല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചിരുന്നു.

We use cookies to give you the best possible experience. Learn more