സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ മാതാപിതാക്കളുടെ സങ്കടം കേട്ട് കോടതിയില്‍ നിന്ന് വിടുവിച്ചതിന് കൂപ്പുകൈ, ഒരു ക്യാപ്‌സൂള്‍ നമസ്‌കാരം: മുഖ്യമന്ത്രിയെ പരിഹസിച്ച് ജോയ് മാത്യു
കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് നടന്‍ ജോയ് മാത്യു. സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും കോടതിയില്‍ നിന്ന് വിടുവിച്ചതിന് കൂപ്പുകൈയെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ അലനും താഹയും മാവോയിസ്റ്റുകളാണെന്ന നിലപാടായിരുന്നു മുഖ്യമന്ത്രി സ്വീകരിച്ചിരുന്നത്. ചായ കുടിക്കാന്‍ പോയപ്പോഴല്ല അലനേയും താഹയേയും അറസ്റ്റ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബുധനാഴ്ചയാണ് അലനും താഹയ്ക്കും കൊച്ചി എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചത്.
കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. സി.പി.ഐ മാവോയിസ്റ്റ് സംഘടനയുമായി ഒരു തരത്തിലും ബന്ധം പുലര്‍ത്താന്‍ പാടില്ല എന്ന നിര്‍ദേശമാണ് കോടതിയില്‍ നിന്ന് ഉണ്ടായത്.
മാതാപിതാക്കളില്‍ ആരെങ്കിലും ഒരാള്‍ ജാമ്യമായി നില്‍ക്കണം. പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം. ഒരു മാസത്തിലെ ആദ്യ ശനിയാഴ്ച സ്റ്റേഷനില്‍ ഹാജരായി ഒപ്പുവെക്കണമെന്നും കോടതി നിര്‍ദേശത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയുടെ ബോണ്ട് സമര്‍പ്പിക്കണമെന്നും കോടതി അറിയിച്ചു. അറസ്റ്റ് ചെയ്ത് പത്ത് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
പ്രതിഷേധിക്കാനുള്ളത് ഭരണഘടനാപരമായ അവകാശമാണെന്ന് അലനും താഹയ്ക്കും ജാമ്യം അനുവദിച്ച ഉത്തരവില്‍ കോടതി പറഞ്ഞിരുന്നു. കശ്മീര്‍ വിമോചനവുമായി ബന്ധപ്പെട്ട് താഹ പോസ്റ്റര്‍ തയ്യാറാക്കിയെന്ന് ആരോപണമുണ്ട് ഇത് നിയമപരമല്ലാത്ത കാര്യങ്ങളുടെ പരിധിയില്‍ വരുന്നതാണെങ്കിലും പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനാപരമാണെന്നും കോടതി പറയുന്നു.
ഈ പോസ്റ്ററുകള്‍ തയ്യാറാക്കി എന്ന് പറയപ്പെടുന്നത് കശ്മീരില്‍ നിന്നും ആര്‍ട്ടിക്കില്‍ 370ഉം 35 എയും റദ്ദാക്കിയതിന് ശേഷമാണെന്ന കാര്യം ഓര്‍ക്കണമെന്നും കോടതി വ്യക്തമാക്കി.
സര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍, അത് തെറ്റായ കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും രാജ്യദ്രോഹകുറ്റമായി കാണാന്‍ കഴിയില്ല എന്നും കോടതി അലന്റെയും താഹയുടെയും ജാമ്യ ഉത്തരവില്‍ പറയുന്നു.
”കുറ്റാരോപിതരില്‍ രണ്ടാമത്തെയാള്‍ സി.പി.ഐ മാവോയിസ്റ്റ് എന്ന സംഘടനയ്ക്ക് വേണ്ടി ഒരു ഡോക്യുമെന്റ് തയ്യാറാക്കി എന്നാണ് പറയുന്നത്. ജമ്മു കശ്മീരിന്റെ സ്വാതന്ത്ര്യസമരത്തെ അനുകൂലിക്കുന്ന വിധത്തില്‍ പൊതു സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ സാധിക്കുന്ന ഒരു ബാനറാണ് ഇതെന്നാണ് പറയപ്പെടുന്നത്.
ഇതില്‍ ജമ്മു കശ്മീരിന് മേലുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തെയും എതിര്‍ക്കുന്നുണ്ട്. ഹിന്ദു-ബ്രാഹ്മിണ്‍ ഫാസിസ്റ്റ് സര്‍ക്കാരിനെതിരെ പോരാടണമെന്നും ഇതില്‍ പറയുന്നു. എന്നാല്‍ ബാനര്‍ കശ്മീരിനെ കേന്ദ്ര ഭരണപ്രദേശമാക്കിയതിന് ശേഷമാണ് എഴുതിയത്. ഇതില്‍ നിന്ന് വ്യത്യസ്തമായ ഏതു വായനയും തെറ്റായ നിഗമനങ്ങളിലേക്കാണ് എത്തിച്ചേരുക.
പ്രതിഷേധിക്കാനുള്ള അവകശാം ഭരണഘടനാപരമാണ്. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും തീരുമാനങ്ങള്‍ക്കും എതിരായ പ്രതിഷേധങ്ങള്‍, അത് തെറ്റായ കാര്യങ്ങള്‍ക്കാണെങ്കില്‍ പോലും രാജ്യദ്രോഹകുറ്റമായി കാണാന്‍ കഴിയില്ല”.
മേല്‍പ്പറഞ്ഞ രേഖ സര്‍ക്കാരിനെതിരായുള്ളതായി കാണാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കുന്നു. മറ്റൊരു കേസിലെ വാദങ്ങള്‍ കൂടി ഉദ്ധരിച്ചാണ് എന്‍.ഐ.ഐ കോടതി ഈ പ്രസ്താവന അലന്റെയും താഹയുടെയും ജാമ്യ ഉത്തരവില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
അലനും താഹയ്ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലെന്നും, ഇരുവരും തിരുത്തലുകള്‍ നടത്താന്‍ സ്വയം കഴിവുള്ളവരാണെന്നും എന്‍.ഐ.എ കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
മധ്യവര്‍ഗ കുടുംബങ്ങളില്‍ നിന്ന് വരുന്ന ഇരുവര്‍ക്കും അറസ്റ്റ് നടക്കുന്ന സമയത്ത് 19 ഉം 23 ഉം വയസാണ് പ്രായം. അവര്‍ പല രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളെക്കുറിച്ചും വായിച്ചിരിക്കാം. അതില്‍ തീവ്ര ആശയങ്ങളുള്ളവയും ഉണ്ടാകാം. അതിനാലാകാം നിരോധിത സംഘടനയുമായി അവര്‍ ബന്ധം പുലര്‍ത്തിയത്.
അലനില്‍ നിന്നും താഹയില്‍ നിന്നും ചില കുത്തിക്കുറിക്കലുകള്‍ നടത്തിയ നോട്ട് പാഡുകള്‍ കണ്ടെത്തിയെങ്കിലും ഇവ ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ജാമ്യ ഉത്തരവില്‍ കോടതി പറയുന്നു.
ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തനത്തിനായി അലനു താഹയും ഗൂഢാലോചന നടത്തിയെന്ന ആരോപണം പ്രോസിക്യൂഷന് ഇല്ലെന്നും, പ്രോസിക്യൂഷന്റെ ആരോപണം പൊതു സ്വഭാവത്തിലുള്ളതാണെന്നും കോടതി പറയുന്നു.
മഹാമനസ്‌കതേ നമിക്കുന്നു നിന്നെ ഞാന്‍ ! ———————————- സ്വന്തം പാര്‍ട്ടിയിലെ വഴിതെറ്റിപ്പോയ രണ്ടു കുട്ടികളെ അവരുടെ മാതാപിതാക്കളുടെ സങ്കടം കേട്ടും കേരളത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന മാനിച്ചും സര്‍വ്വോപരി പ്രതിപക്ഷ നേതാവിന്റെയും മുസ്ലിം ലീഗ് നിയമസഭാകക്ഷി നേതാവിന്റെയും ഇടപെടലുകള്‍ കണക്കിലെടുത്തും അങ്ങ് കാണിച്ച വിപ്ലവകരമായ കാരുണ്യ പ്രവൃത്തിക്ക് മുന്‍പില്‍ എന്റെ കൂപ്പുകൈ .കുട്ടികള്‍ക്കെതിരെയുള്ള തെളിവുകള്‍ക്കായി അങ്ങയുടെ പോലീസ് കിണഞ്ഞു പരിശ്രമിക്കേണ്ടെന്ന് പറഞ്ഞു ആ രണ്ടു കുട്ടികളെയും കോടതിയില്‍ നിന്നും വിടുവിച്ചു കൊണ്ടുവന്ന അങ്ങേയ്ക്ക് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒരു നമസ്‌കാരം കൂടി .
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക