കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തിയ താഹയുടെ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി വിധി ഉത്കണ്ഠാജനകമെന്ന് അലന്‍ താഹ മനുഷ്യാവകാശ സമിതി. അന്വേഷണ ഏജന്‍സികള്‍ യു.എ.പി.എ വകുപ്പുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നു എന്ന നിഗമനത്തിലേക്കെത്തുന്നതിനു പകരം ഹൈക്കോടതി അത്തരം ദുരുപയോഗങ്ങള്‍ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് സമിതി പ്രസ്താവനയില്‍ വ്യക്തമാക്കി.
‘പൗരാവകാശങ്ങളുടെ നേരെ സര്‍ക്കാരും അതിന്റെ ഏജന്‍സികളും കയ്യേറ്റം നടത്തുന്ന അവസരത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികള്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയില്‍ നിഴലിക്കുന്നത്’, പ്രസ്താവനയില്‍ പറയുന്നു.
പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അലന്‍ ശുഹൈബിനു ജാമ്യത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത് സന്തോഷകരമാണ്. ഇരുവര്‍ക്കുമെതിരായുള്ള കേസ് ഒരു വര്‍ഷത്തിനകം വിചാരണ ചെയ്തു തീര്‍പ്പാക്കണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ 23കാരനായ വിദ്യാര്‍ത്ഥി താഹ ഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതാണെന്നും സമിതി നിരീക്ഷിച്ചു.
ജാമ്യം റദ്ദാക്കിയതിന് പിന്നാലെ താഹ കൊച്ചി എന്‍.ഐ.എ കോടതിയില്‍ കീഴടങ്ങിയിട്ടുണ്ട്. താഹ ഫസലിനോട് ഉടന്‍ കീഴടങ്ങാനായിരുന്നു ഇന്നലെ കോടതി ആവശ്യപ്പെട്ടത്.
അലന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ലഘുലേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവല്ലെന്നാണ് കോടതി പറഞ്ഞത്. അലന്റെ പ്രായവും കണക്കിനെടുത്താണ് കോടതി നടപടി.
അതേസമയം താഹ ഫസലിന്റെ കയ്യില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ യു.എ.പി.എയ്ക്ക് പര്യാപ്തമായ തെളിവുകളാണെന്നും കോടതി പറഞ്ഞു. കേസില്‍ ഒരു പ്രതികൂടി കീഴടങ്ങാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് എന്‍.ഐ.എ കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നത്.
2020 സെപ്തംബറിലാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിക്കുന്നത്. ഇതിന് പിന്നാലെയാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി എന്‍.ഐ.എ ഹൈക്കോടതിയെ സമീപിച്ചത്.
2019 നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
2020 ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു. അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. അതില്‍ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.
തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.
പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
കോഴിക്കോട്: മാവോവാദി ബന്ധമാരോപിച്ചു 2019 നവംബര്‍ ഒന്നിനു കോഴിക്കോട്ടു നിന്ന് അറസ്റ്റ് ചെയ്യപ്പെടുകയും ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തിന്റെ ഭാഗമായി പത്തുമാസം ജയിലില്‍ കഴിയുകയും ചെയ്ത അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ജാമ്യം തടയണമെന്ന എന്‍ഐഎയുടെ അപ്പീലില്‍ കേരളാ ഹൈക്കോടതിയുടെ വിധി അങ്ങേയറ്റം നിരാശാജനകവും ജനാധിപത്യവാദികള്‍ക്ക് ഉത്കണ്ഠയുണ്ടാക്കുന്നതുമാണ്.
ജാമ്യഹര്‍ജില്‍ എറണാകുളം എന്‍ഐഎ കോടതി നല്‍കിയ വിധിയില്‍ ഈ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കും എതിരായി എന്‍ഐഎ കൊണ്ടുവന്ന കേസിലെ വിവിധ വാദമുഖങ്ങളെ വിശദമായി പരിശോധിച്ചു അതു വസ്തുതകള്‍ക്കു നിരക്കുന്നതല്ല എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇരുവര്‍ക്കും ഉപാധികള്‍ പ്രകാരം ജാമ്യം അനുവദിച്ചത് . എന്നാല്‍ കീഴ്ക്കോടതിയുടെ ഈ കണ്ടെത്തലുകള്‍ നല്‍കുന്ന സൂചനയനുസരിച്ചു യഥാര്‍ത്ഥത്തില്‍ അന്വേഷണ ഏജന്‍സികള്‍ യുഎപിഎ വകുപ്പുകള്‍ നിരന്തരം ദുരുപയോഗം ചെയ്യുന്നു എന്ന നിഗമനത്തിലേക്കു എത്തുന്നതിനു പകരം ഹൈക്കോടതി അത്തരം ദുരുപയോഗങ്ങള്‍ ന്യായീകരിക്കുന്ന സമീപനമാണ് സ്വീകരിച്ചു കാണുന്നത്. പൗരാവകാശങ്ങളുടെ നേരെ സര്‍ക്കാരും അതിന്റെ ഏജന്‍സികളും കയ്യേറ്റം നടത്തുന്ന അവസരത്തില്‍ ഭരണഘടനയുടെ അന്തസ്സത്തയെ ഉയര്‍ത്തിപ്പിടിക്കാനും പൗരന്മാരുടെ അവകാശങ്ങളെ സംരക്ഷിക്കാനും ബാധ്യസ്ഥമായ കോടതികള്‍ രാജാവിനേക്കാള്‍ രാജഭക്തി കാണിക്കുന്ന ദുരവസ്ഥയാണ് വിധിയില്‍ നിഴലിക്കുന്നത്.
പ്രായവും ആരോഗ്യപ്രശ്‌നങ്ങളും മുന്‍നിര്‍ത്തി അലന്‍ ശുഹൈബിനു ജാമ്യത്തില്‍ തുടരാന്‍ ഹൈക്കോടതി അനുവാദം നല്‍കിയത് സന്തോഷകരമാണ്. ഇരുവര്‍ക്കുമെതിരായുള്ള കേസ് ഒരു വര്‍ഷത്തിനകം വിചാരണ ചെയ്തു തീര്‍പ്പാക്കണം എന്ന നിര്‍ദേശവും സ്വാഗതാര്‍ഹമാണ്. എന്നാല്‍ 23കാരനായ വിദ്യാര്‍ത്ഥി താഹഫസലിനെ വീണ്ടും ജയിലിലേക്കയച്ച നടപടി ഞെട്ടിക്കുന്നതുമാണ്. നാലുമാസമായി ജാമ്യത്തിലുള്ള ഇരു വിദ്യാര്‍ത്ഥികളും കോടതിയുടെ വ്യവസ്ഥകള്‍ പൂര്‍ണമായും അനുസരിച്ചു കൊണ്ടാണ് കഴിഞ്ഞത്. അതില്‍ എന്തെങ്കിലും ലംഘനം നടത്തിയതായി ഒരാരോപണവും താഹക്കെതിരെ ഉള്ളതായും കോടതി പറയുന്നില്ല. അത്തരം ഒരു സാഹചര്യത്തില്‍ ജാമ്യം നിഷേധിക്കുന്നതു നീതിനിഷേധമാണ്. അതു ജനാധ്യപത്യ മൂല്യങ്ങളുടെ ലംഘനമാണ്. താഹ ഫസലിന് നീതി ഉറപ്പാക്കാന്‍ ജനാധിപത്യസമൂഹം ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങണമെന്നു സമിതി അഭ്യര്‍ത്ഥിക്കുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക