കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ ചുമത്തി അറസ്റ്റുചെയ്ത അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് പ്രസ്ഥാനത്തിലെ അംഗങ്ങള്‍ എന്ന് കണ്ടെത്തി സി.പി.ഐ.എമ്മില്‍ നിന്ന് പുറത്താക്കി എന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ അലന്‍-താഹ മനുഷ്യാവകാശ കമ്മിറ്റി. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന വിദ്യാര്‍ത്ഥികള്‍ക്ക് സാമാന്യ നീതി നിഷേധിക്കുന്നതാണെന്ന് അലന്‍-താഹ മനുഷ്യാവകാശ കമ്മിറ്റി ആരോപിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
യു.എ.പി.എ വിചാരണ തടവുകാരായി നാലു മാസമായി ജയിലില്‍ കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യതയാണ് സി.പി.ഐ.എം നേതൃത്വം തല്ലികെടുത്തിയിരിക്കുന്നതെന്ന് അലന്‍-താഹ മനുഷ്യാവകാശ കമ്മിറ്റി അഭിപ്രായപ്പട്ടു. അതേ സമയം കേസ് കേരള പൊലീസിന് തിരികെ ഏല്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ട നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും കമ്മിറ്റി പറഞ്ഞു.
” കേരളത്തില്‍ സമീപകാലത്ത് യു.എ.പി.എ നിയമത്തിന്റെ ദുരുപയോഗം വര്‍ധിച്ചുവരുന്നത് ഞങ്ങള്‍ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ജനാധിപത്യ പ്രസ്ഥാനങ്ങളെയും പൗരാവകാശ മുന്നേറ്റങ്ങളെയും തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ നീക്കങ്ങളുടെ ഭാഗമാണിത്. ഇതിനകം തന്നെ നിരവധി യുവാക്കള്‍ കേരളത്തിനകത്തും പുറത്തും യു.എ.പി.എ നിയമത്തിന്റെ ഇരകളായി ജയിലില്‍ കഴിയുന്നുണ്ട്. ഒരു പതിറ്റാണ്ടിലേറെക്കാലമായി വിചാരണ തടവുകാരായി കഴിയുന്നവര്‍ പോലും അക്കൂട്ടത്തിലുണ്ട്.” അലന്‍ താഹ മനുഷ്യാവകാശ കമ്മിറ്റി പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അലനെയും താഹയേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി അംഗമായിരുന്നുകൊണ്ട് മറ്റൊരു പാര്‍ട്ടി യില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.