യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
India
യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th November 2019, 10:36 am

കൊച്ചി: പന്തീരങ്കാവില്‍ യു.എ.പി.എ കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. യു.പി.പി.എ അറസ്റ്റിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഇവര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

യു.എ.പി.എ ചുമത്തിയ പൊലീസ് നടപടി നീതി നിഷേധമാണെന്ന വാദമായിരുന്നു പ്രതികള്‍ ഉന്നയിച്ചത്. ഏതെങ്കിലും ഒരു ലഘുലേഖയോ പുസ്തകമോ കൈവയില്‍ വെച്ചുവെന്നതിന്റെ അടിസ്ഥാനത്തില്‍ യു.എ.പി.എ ചുമത്താന്‍ ആവില്ലെന്നായിരുന്നു ഹരജിയില്‍ ചൂണ്ടിക്കാട്ടിയത്.

എ്ന്നാല്‍ അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നും അതിന് തെളിവുണ്ടെന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു പൊലീസ് കോടതിയില്‍ കൊടുത്തത്. കേസില്‍ അന്വേഷണം പുരോഗമിക്കവേ ജാമ്യം അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.

കേസ് ഡയറി കഴിഞ്ഞ ദിവസം അന്വേഷണ സംഘം ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പുറമെ ഫോറന്‍സ്‌ക് പരിശോധന രേഖകളും ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കിയിരുന്നു.

പൊലീസ് അന്വേഷിക്കുന്ന മൂന്നാമന്‍ മലപ്പുറം സ്വദേശി ഉസ്മാനെ കുറിച്ചും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നവംബര്‍ 2 നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍ ഷുഹൈബ്. ജേണലിസം വിദ്യാര്‍ത്ഥിയാണ് താഹ ഫസല്‍. മാവോയിസ്റ്റ് അനുകൂല ലഘുലേഖയും പുസ്തകളും ഇവരില്‍ നിന്ന് കണ്ടെത്തിയെന്നാണ് പൊലീസ് വാദം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ