| Wednesday, 20th June 2018, 7:15 pm

സെനഗല്‍ ടീമിനെ വംശീയമായി അധിക്ഷേപിച്ച് ബ്രിട്ടീഷ് കോടിപതി

സ്പോര്‍ട്സ് ഡെസ്‌ക്

യു.കെ: പോളണ്ടിനെ തോല്‍പ്പിച്ച് വിട്ട സെനഗല്‍ ടീമിനെതിരെ വംശീയാധിക്ഷേപവുമായി ബ്രിട്ടീഷ് കോടിപതി ലോര്‍ഡ് ഷുഗര്‍. കളിക്കാരെ സ്‌പെയിനിലെ മാര്‍ബെല്ല ബീച്ചിലെ കച്ചവടക്കാരെ പോലെയുണ്ടെന്നാണ് ലോര്‍ഡ് ഷുഗര്‍ ട്വീറ്റ് ചെയ്തത്. സെനഗല്‍ ടീമിന്റെ ഫോട്ടോയ്ക്ക് താഴെ കൂളിംഗ് ഗ്ലാസുകളുടെയും ഹാന്‍ഡ്ബാഗുകളുടെയും ചിത്രം വെട്ടിവെച്ചാണ് ട്വീറ്റ്.

വിവാദമായതോടെ ലോര്‍ഡ് ഷുഗര്‍ പ്രസ്താവന പിന്‍വലിച്ചിട്ടുണ്ട്. “തമാശ” ട്വീറ്റായിരുന്നുവെന്നും മറ്റുള്ളവര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ലോര്‍ഡ് ഷുഗര്‍ പറഞ്ഞു.

പോളണ്ടിനെതിരായ മത്സരത്തിന് പിന്നാലെയാണ് ഷുഗറിന്റെ ട്വീറ്റ്. ലോകറാങ്കിങ്ങില്‍ എട്ടാമതുള്ള പോളണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സെനഗല്‍ തകര്‍ത്തിരുന്നത്. റഷ്യന്‍ ലോകകപ്പില്‍ വിജയം നേടുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് സെനഗല്‍.

1991-2001 വരെ ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാമിന്റെ ചെയര്‍മാനായിരുന്ന ലോര്‍ഡ് ഷുഗറിന്റെ പ്രസ്താവനയ്‌ക്കെതിരെ ബ്രിട്ടനില്‍ നിന്ന് വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലിവര്‍പൂളിന്റെ മാനെയും എവര്‍ട്ടണിന്റെ ഇദ്രീസ് ഗുയെയുമെല്ലാം സെനഗല്‍ താരങ്ങളാണ്.

നേരത്തെ ബ്രീട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്റെയും ഹിറ്റ്‌ലറുടെയും ചിത്രം ചേര്‍ത്തുവെച്ച് ലോര്‍ഡ് ഷുഗര്‍ വിവാദമുണ്ടാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more