കോഴിക്കോട്: സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ബേബിയെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം ലഭിച്ച അലന്‍ ശുഹൈബ്.
ജയിലായിരുന്ന സമയത്ത് എം.എ. ബേബിക്ക് എഴുതിയ ഒരു കത്തിന്റെ കാര്യം സൂചിപ്പിച്ചാണ് അലന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചത്. ജനാധിപത്യപരമായി സംസാരിക്കാന്‍ കഴിയുന്ന ഒരു നേതാവാണ് എം.എ. ബേബിയെന്ന് അലന്‍ ഫേസ്ബുക്കില്‍ എഴുതി.
‘ജയിലില്‍ ഉള്ളപ്പോള്‍ സഖാവ് എം.എ. ബേബി ബേബിക്ക് യു.എ.പി.എ എന്ന നിയമത്തിന്റെ ഭീകരതയെ പറ്റി പറഞ്ഞും ജയിലിലെ പുതുതായി ഉണ്ടാക്കിയ ലൈബ്രറിയിലേക്ക് കുറച്ച് പുസ്തകങ്ങള്‍ സംഭാവന ചെയ്യണമെന്നും സൂചിപ്പിച്ച് ഒരു കത്ത് എഴുതുകയുണ്ടായി.
സഖാവ് ബിനോയ് വിശ്വത്തിനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കും സമാനമായ കത്ത് എഴുതുകയുണ്ടായി. പ്രതിപക്ഷ നേതാവിന് ക്യാബിനറ്റ് റാങ്ക് ഉള്ളതിനാല്‍ അതിന്റെ നിയമനടപടികള്‍ കാരണം ആ കത്ത് ഒഴിച്ച് ബാക്കി രണ്ടും വെല്‍ഫെയര്‍ ഓഫീസര്‍ അയച്ചു എന്ന് പറഞ്ഞു.
മുമ്പ് പല കത്തുകള്‍ അയക്കാത്ത അനുഭവമുള്ളതിനാല്‍ അയച്ചു എന്ന് വിശ്വസിച്ചിരുന്നില്ല. പക്ഷേ സഖാവിന് ഈ കത്ത് കിട്ടി എന്ന് മാത്രമല്ല പുറത്ത് ഇറങ്ങിയ ശേഷം എന്നെ വിളിക്കുകയും പുസ്തകങ്ങളുടെ കാര്യം ശരിയാക്കാം എന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. വിയ്യൂരിലെ തടവുകാര്‍ക്ക് ആ പുസ്തകങ്ങള്‍ കിട്ടും എന്ന് വിശ്വസിക്കുന്നു.
ജനാധിപത്യപരമായി സംസാരിക്കാന്‍ കഴിയുന്ന ഒരു നേതാവ് എന്ന നിലയിലാണ് സഖാവിന് അന്ന് കത്ത് എഴുതിയതും ഇന്ന് ചെന്ന് കണ്ടതും. ഒരു പുസ്തകം സമ്മാനിക്കുകയും അടുത്ത് ഉണ്ടായിരുന്ന സഖാവ് സുധന്‍വ ദേശ്പാണ്ഡയെ പരിചയപ്പെടുത്തുകയും ചെയ്തു. തികച്ചും സന്തോഷമുള്ള അനുഭവമായിരുന്നു.
അധികം സംസാരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ജയിലുകളിലെ അവസ്ഥയെ പറ്റി സൂചിപ്പിക്കുകയും ചെയ്തു,’ അലന്‍ ഫേസ്ബുക്കില്‍ എഴുതി.