കോഴിക്കോട്: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് ജാമ്യം ലഭിച്ച സുപ്രീം കോടതി വിധിയില്‍ പ്രതികരണവുമായി സുഹൃത്ത് അലന്‍ ഷുഹൈബ്.
താഹയുടെ ജാമ്യ വിധി ചരിത്രവും നീതിയും സന്തോഷവുമാണെന്ന് അലന്‍ പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു അലന്‍ ഇക്കാര്യം പറഞ്ഞത്.
ഈ അടുത്ത കാലത്തൊന്നും താന്‍ ഇത്ര സന്തോഷിച്ചിട്ടില്ലെന്നും വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം ഇത് 10 മാസമായി താനുള്ള അവസ്ഥയില്‍ നിന്ന് ഒരു സമാധാനമുണ്ടാക്കുന്ന ഒന്നാണെന്നും അലന്‍ പറഞ്ഞു.
‘ആളുകളുടെയും ഭരണകൂടത്തിന്റെയും സമിശ്രമായ ഒറ്റപ്പെടുത്തലും കുത്തുവാക്കുകളും അതിജീവിച്ച കാലം. താഹയും ഞാനും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം തിരിച്ചറിയാത്തവര്‍! ഈ വിധി ഇത്തരക്കാര്‍ക്കുള്ള മറുപടി തന്നെയാണ്. എന്നാല്‍ ഭരണകൂട വേട്ട ഒരിക്കലും അവസാനിച്ചിട്ടില്ല. കേസ് നിലവില്‍ ഉണ്ട്. പരിമിതികളുണ്ട്,’ അലന്‍ എഴുതി
ഇനി താഹ ഇറങ്ങുവാനും അവനെ കാണാനുനുമുള്ള കാത്തിരിപ്പാണെന്നും എല്ലാവരോടും സ്‌നേഹം പങ്കുവെക്കുന്നുവെന്നും അലന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന് സുപ്രീം കോടതി വ്യഴാഴ്ച ജാമ്യം നല്‍കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അലന്‍ ഷുഹൈബിന്റെ ജാമ്യം കോടതി ശരിവെക്കുകയും ചെയ്തു.
ജസ്റ്റിസ് അജയ് റസ്തോഗി അധ്യക്ഷനായ ബെഞ്ചാണ് വിധി പറഞ്ഞത്. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന് എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എന്‍.ഐ.എ തടങ്കലിലാക്കിയ രണ്ടുപേരില്‍ ഒരാള്‍ക്ക് ജാമ്യം അനുവദിക്കുകയും മറ്റെയാള്‍ക്ക് നിഷേധിക്കുകയും ചെയ്തതിനെതിരെ സുപ്രീം കോടതി നേരത്തെ നിലപാട് വ്യക്തമാക്കിയിരുന്നു.