| Wednesday, 13th November 2019, 4:08 pm

'പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷ, സര്‍ക്കാര്‍ ഒപ്പമുണ്ടോയെന്ന് അറിയില്ല, തെറ്റ് ചെയ്തിട്ടില്ല': അലന്‍ ഷുഹൈബ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: പൊലീസ് തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്.

സര്‍ക്കാര്‍ ഒപ്പമുണ്ടോയെന്ന് അറിയില്ലെന്നും എന്നാല്‍ പാര്‍ട്ടി കൂടെയുണ്ടെന്നാണ് പ്രതീക്ഷയെന്നും അലന്‍ പറഞ്ഞു.

കുറ്റം സമ്മതിച്ചു എന്ന് പറഞ്ഞ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച രേഖ തെറ്റാണ്. കുറ്റം സമ്മതിച്ചിട്ടില്ല. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് സ്വാഭാവിക നടപടി മാത്രമാണ്. യു.എ.പി.എ നിലപാടില്‍ സര്‍ക്കാരില്‍ പിന്നോട്ട് പോയതില്‍ പ്രതിഷേധമുണ്ടെന്നും അലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അലനെ ഈ മാസം 15ാം തിയ്യതി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. താഹയുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും. താഹയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.

തെളിവില്ലാത്തതുകൊണ്ട് പഴയ ഫേസ് ബുക്ക് പോസ്റ്റ് ഉപയോഗിച്ച് തന്നെ മാവോയിസ്റ്റായി ചിത്രീകരിക്കുകയാണെന്നായിരുന്നു കോടതിയിലേക്ക് കൊണ്ടുംപോകും വഴി അലന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

നിരപരാധിയാണെന്ന് താഹയും പറഞ്ഞു. പൊലീസിനോട് കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഇരുവരും ആവര്‍ത്തിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കൂടുതല്‍ ചോദ്യം ചെയ്യലിനായി അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും അഞ്ചു ദിവസം കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം.

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത ലാപ്‌ടോപ്പ്, മൊബൈല്‍, പെന്‍ഡ്രൈവ്, മെമ്മറി കാര്‍ഡ് എന്നിവയില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ കിട്ടിയെന്ന് പൊലീസ് അവകാശപ്പെട്ടിരുന്നു. അലനും താഹയും നഗരം കേന്ദ്രീകരിച്ച് ആശയപ്രചാരണം നടത്തുന്ന മാവോയിസ്റ്റുകളാണന്നാണ് പൊലീസ് ഭാഷ്യം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more