| Monday, 6th December 2021, 12:06 pm

മുഖ്യമന്ത്രിയുടെ പരാമര്‍ശം ജയിലില്‍ ബുദ്ധിമുട്ടുണ്ടാക്കി; യു.എ.പി.എ വിഷയത്തില്‍ സി.പി.ഐ.എമ്മിന്റേത് ഇരട്ടത്താപ്പെന്ന് അലനും താഹയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചായ കുടിക്കാന്‍ പോയപ്പോഴല്ല പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ അലന്‍ ഷുഹൈബും താഹ ഫസലും അറസ്റ്റിലായതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം ജയിലില്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അലനും താഹയും.

യു.എ.പിഎ വിഷയത്തില്‍ സി.പി.ഐ.എമ്മിനുള്ളത് ഇരട്ടത്താപ്പാണെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തങ്ങളെ പാര്‍ട്ടി പുറത്താക്കിയതെന്നും അലനും താഹയും പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനു ശേഷം ജയിലുദ്യോഗസ്ഥര്‍ തങ്ങളോട് മോശമായി പെരുമാറിയെന്നും തങ്ങളെ തെറി വിളിക്കാന്‍ തുടങ്ങിയെന്നും ഇരുവരും പറഞ്ഞു. മീഡിയാവണ്ണിനോടായിരുന്നു ഇരുവരുടേയും പ്രതികരണം.

മുഖ്യമന്ത്രിയുടെ പരാമര്‍ശത്തോടെ സി.പി.ഐ.എമ്മിന്റെ മൊത്തം നിലപാട് മാറി. അത് സ്വാഭാവികമായും ജയിലിനകത്തും പ്രതിഫലിച്ചു. ജയിലിനകത്ത് സി.പി.ഐ.എമ്മുകാരായ ഉദ്യോഗസ്ഥര്‍ ഈ സംഭവത്തിന് ശേഷം ഞങ്ങളെ എടാ എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. തെറി വിളിക്കാനും തുടങ്ങി. നമുക്ക് പുസ്തങ്ങള്‍ വരുമ്പോള്‍ പുസ്തകങ്ങള്‍ തരാന്‍ പറ്റില്ലെന്ന് വരെ പറഞ്ഞു. ഞങ്ങളെ ജയിലിനകത്ത് ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് സി.പി.ഐ.എമ്മുകാരും ആര്‍.എസ്.എസുകാരുമായ ഉദ്യോഗസ്ഥരാണ്. ഒരു വ്യത്യാസവും ഇവര്‍ തമ്മില്‍ തോന്നിയില്ല,’ അലന്‍ ഷുഹൈബ് പറഞ്ഞു.

കേസില്‍ മാപ്പ് സാക്ഷിയാവാന്‍ സമ്മര്‍ദ്ദമുണ്ടായെന്നും ഇതിനായി തന്നെ ജയില്‍ മാറ്റിയെന്നും മാനസികമായി പീഡിപ്പിച്ചെന്നും പക്ഷെ താന്‍ ഒറ്റുകാരനാവുമെന്നതിനാല്‍ അത് ചെയ്യാന്‍ തയ്യാറല്ലായിരുന്നെന്നും അലന്‍ പറഞ്ഞു.

എന്താണ് ചെയ്യേണ്ടതെന്ന് അലന്‍ തന്നോട് ചോദിച്ചിരുന്നു. നിന്റെ ധാര്‍മ്മികത അനുസരിച്ച് ചെയ്യാനാണ് താന്‍ പറഞ്ഞതെന്ന് താഹയും പറഞ്ഞു.

സമ്മര്‍ദമുണ്ടെന്ന് അലന്‍ കോടതിയില്‍ പറഞ്ഞ ശേഷമാണ് തങ്ങള്‍ക്കെതിരെ പുതിയ കേസെടുത്തത്. കൊവിഡ് സാഹചര്യം പറഞ്ഞ് ഏകാന്ത തടവിന്റെ കാലാവധി കൂട്ടിയെന്നു താഹ പറഞ്ഞു.

2019 നവംബറിലായിരുന്നു മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവില്‍ വെച്ച് അലനെയും ത്വാഹയെയും പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ ഇരുവര്‍ക്കുമെതിരെ യു.എ.പിഎയും ചുമത്തുകയും ഇതോടെ കേസ് എന്‍.ഐ.എ ഏറ്റെടുക്കുകയുമായിരുന്നു.

എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കേസില്‍ പ്രതികള്‍ക്ക് എതിരെ പ്രാഥമിക തെളിവ് പോലും ഇല്ലെന്ന് ചൂണ്ടിക്കാട്ടി എന്‍.ഐ.എ കോടതി ഇരുവര്‍ക്കും ജാമ്യം നല്‍കിയിരുന്നു. പിന്നീട് താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയെങ്കിലും അലന്‍ ജാമ്യത്തില്‍ തുടര്‍ന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി താഹയ്ക്കും ജാമ്യം അനുവദിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

We use cookies to give you the best possible experience. Learn more