ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പും മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയും തമ്മില്‍ ഒരു പരിശീലകന്‍ എന്ന രീതിയിലുള്ള പോരാട്ടത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ അലന്‍ ഷിയറര്‍.
പെപ്പും ക്‌ളോപ്പും തമ്മിലുള്ള പോരാട്ടത്തെ മെസിയും റൊണാള്‍ഡോയും തമ്മിലുള്ള പോരാട്ടവുമായാണ് ഇംഗ്ലീഷ് മുന്‍ താരം താരതമ്യം ചെയ്തത്. ദ റെസ്റ്റ് ഈസ് ഫുട്‌ബോള്‍ പോഡ്കാസ്റ്റിലൂടെ പ്രതികരിക്കുകയായിരുന്നു അലന്‍.
‘മെസിയും റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്ത് എങ്ങനെയാണ് മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തത് അതുപോലെതന്നെയാണ് ക്‌ളോപ്പും ഗ്വാര്‍ഡിയോളയും ചെയ്യുന്നത്. ഒരാള്‍ ട്രോഫി നേടുമ്പോള്‍ മറ്റൊരാള്‍ വീണ്ടും തിരിച്ചു വന്നുകൊണ്ട് ട്രോഫി നേടുന്നു. അവര്‍ എല്ലാ സീസണിലും ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളെ ഉന്നത തലത്തില്‍ കൊണ്ടുപോകുന്നു,’ അലന്‍ പറഞ്ഞു.
ബുണ്ടസ് ലീഗയിലും ഇരുവരും രണ്ട് ടീമുകള്‍ക്കായി പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്. ക്ലോപ്പ് ബൊറൂസിയ ഡോര്‍ട്മുണ്ടിന്റെ പരിശീലകനായ സമയത്ത് പെപ്പ് ബയേണ്‍ മ്യൂണിക്കിനൊപ്പവും ഉണ്ടായിരുന്നു.
ക്ലോപ്പ് 2015ലാണ് ലിവര്‍പൂളിന്റെ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. അതേസമയം 2016 ലാണ് ഗ്വാര്‍ഡിയോള മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകനായി ചുമതലയേറ്റത്. രണ്ട് പരിശീലകരും ഇംഗ്ലീഷ് പ്രിമീയര്‍ ലീഗ്, യുവേഫ ചാമ്പ്യന്‍സ് ലീഗ് , ക്ലബ്ബ് വേള്‍ഡ് കപ്പ്, എഫ്.എ കപ്പ്, കരബാവോ കപ്പ് എന്നീ കിരീടങ്ങളെല്ലാം അക്കൗണ്ടിലാക്കിയിട്ടുണ്ട്.
ഈ സീസണിലും ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം പോരാട്ടത്തിനായി കടുത്ത പോരാട്ടമാണ് ലിവര്‍പൂളും മാഞ്ചസ്റ്റര്‍ സിറ്റിയും നടത്തുന്നത്.
നിലവില്‍ 21 മത്സരങ്ങളില്‍ നിന്നും 48 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ക്ലോപ്പും കൂട്ടരും. മറുഭാഗത്ത് 20 മത്സരങ്ങളില്‍ നിന്നും 43 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നാമതുള്ള ലിവര്‍പൂളുമായി അഞ്ചു പോയിന്റ് വ്യത്യാസമാണ് ഗ്വാര്‍ഡിയോളക്കും കൂട്ടര്‍ക്കും ഉള്ളത്.
Content Highlight: Alan Shearer talks about Jurgen Klopp and Pep Guardiola.