സെന്റ്പീറ്റേഴ്സ്ബര്‍ഗ്: ലോകകപ്പില്‍ ലൂസേഴ്‌സ് ഫൈനല്‍ നടത്തുന്നതിനെതിരെ വിമര്‍ശനവുമായി ഇംഗ്ലീഷ് മുന്‍ താരം അലന്‍ ഷിയറര്‍. മൂന്നാം സ്ഥാനക്കാരെ കണ്ടെത്താനുള്ള മത്സരം സംഘടിപ്പിക്കുന്നത് മണ്ടത്തരമാണ്. ഒരു കളിക്കാരനും ലൂസേഴ്‌സ് ഫൈനലില്‍ മത്സരിക്കാന്‍ താത്പര്യപ്പെടില്ലെന്നും ഷിയറര്‍ ട്വീറ്റ് ചെയ്തു.
1992നും 2000നും ഇടയില്‍ 63 മത്സരങ്ങള്‍ ഇംഗ്ലണ്ടിനായി കളിച്ച ഷിയറര്‍, 1998ലെ ലോകകപ്പിനുള്ള ടീമിലും ഉണ്ടായിരുന്ന താരമാണ്.
Read Also : ചരിത്രം തിരുത്തി ഫിഫ; ഖത്തര്‍ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു
ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് പകരം വീട്ടാന്‍ ഇംഗ്ലണ്ടും ഫ്രാന്‍സിന്റെ പ്രതിരോധ ഫുട്ബോളില്‍ ഫൈനല്‍ മോഹങ്ങള്‍ പൊലിഞ്ഞ ബെല്‍ജിയവുമാണ് ഇന്ന് മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. രാത്രി 7.30ന് സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തിലാണ് മത്സരം.
സെമിഫൈനലില്‍ പരാജയപ്പെട്ടതിനാല്‍ ഇരുടീമുകളും ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ഇരുടീമുകളും ഈ ലോകകപ്പില്‍ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയത്തിനായിരുന്നു 1-0 ത്തിന്റെ വിജയം. പ്രധാന താരങ്ങളെ പുറത്തിരുത്തി ഇരുടീമുകളും ഇറങ്ങിയ മത്സരത്തില്‍ ജനുസാജ് ആയിരുന്നു ബെല്‍ജിയത്തിന്റെ വിജയഗോള്‍ നേടിയത്. ലോകകപ്പിലെ ഇരുടീമുകളുടേയും അഭിമാനപ്പോരാട്ടമായതിനാല്‍ പോരാട്ടം കടുക്കും.
പ്രീ ക്വാര്‍ട്ടില്‍ ജപ്പാനോട് രണ്ട് ഗോളിന് പിന്നില്‍ നിന്നതിന് ശേഷം മൂന്ന് ഗോള്‍ അടിച്ചാണ് ബെല്‍ജിയം ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ ശക്തരായ ബ്രസീലിനെ 2-1ന് തകര്‍ത്ത് സെമിഫൈനലില്‍ പ്രവേശിച്ചു. സെമിഫൈനലില്‍ ഫ്രാന്‍സിന്റെ പ്രതിരോധ ഫുട്ബോളിന് മുന്നില്‍ ബെല്‍ജിയം തകരുകയായിരുന്നു.
എന്നാല്‍ പ്രീ ക്വാര്‍ട്ടറില്‍ കൊളംബിയയെയും ക്വാര്‍ട്ടറില്‍ സ്വീഡനെയും പരാജയപ്പെടുത്തി കരുത്തുകാട്ടിയാണ് ഇംഗ്ലണ്ട് സെമിഫൈനലില്‍ എത്തിയത്. പക്ഷേ സെമിഫൈനലില്‍ ക്രൊയേഷ്യന്‍ ആക്രമണത്തിന് മുന്നില്‍ ഇംഗ്ലീഷ് പതറുകയായിരുന്നു.