കോഴിക്കോട് : പന്തീരങ്കാവ് യു.എ.പി.എ കേസില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബും താഹാ ഫസലിനും ജാമ്യമനുവദിച്ച കോടതി വിധി പൗരാവകാശ സംരക്ഷണത്തിനുള്ള ജനകീയ മുന്നേറ്റത്തിന് വലിയ ഉത്തേജനം നല്‍കുന്നതാണെന്നു അലന്‍-താഹ മനുഷ്യാവകാശ സമിതി.
തെളിവുമില്ലാതെ ഭീകരവാദി മുദ്ര ചാര്‍ത്തി രണ്ടു വിദ്യാര്‍ത്ഥികളെയും തടങ്കലില്‍ തള്ളാനുള്ള കേരള പൊലീസിന്റെ നീക്കങ്ങള്‍ക്കു ശക്തമായ തിരിച്ചടിയുമാണ് കോടതി വിധിയെന്നും അലന്‍-താഹ മനുഷ്യാവകാശ സമിതി പറഞ്ഞു.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ചെയര്‍മാന്‍ ബി ആര്‍ പി ഭാസ്‌കര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഡോ. ആസാദ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ അജിത, ഡോ. പി കെ പോക്കര്‍, എന്‍ പി ചെക്കുട്ടി, കെ പി പ്രകാശന്‍, ഡോ. കെ എന്‍ അജോയ്കുമാര്‍, വിജി പെണ്‍കൂട്ട്, വി എ ബാലകൃഷ്ണന്‍, ഗുലാബ്ജാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരിലുള്ള ഭരണകൂട കടന്നാക്രമങ്ങളെ അപലപിക്കുകയും അത്തരം സമീപനങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുകയും ചെയ്യും എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് അധികാരത്തില്‍ വന്നതെന്ന കാര്യം എല്‍.ഡി.എഫ് മറന്നെന്നും . വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ നിലപാട് സ്വീകരിക്കുന്നതിനു പകരം ഇരുവരും മാവോവാദികളാണ് എന്നു പ്രഖ്യാപിക്കാനും അവരുടെ ജീവിതത്തെ കാരാഗൃഹത്തിന്റെ ഇരുളില്‍ അടച്ചിടാനുമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയിലെ പല പ്രമുഖ നേതാക്കളും തയ്യാറായതെന്നും സമിതി ആരോപിച്ചു.
എന്നാല്‍ അത്തരം ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്നും രാഷ്ട്രീയ അഭിപ്രായങ്ങളുടെ പേരില്‍ പൗരന്മാര്‍ക്കെതിരെ നടപടികള്‍ എടുക്കുന്നത് അംഗീകരിക്കാനാവുകയില്ല എന്നുമുള്ള സുപ്രീം കോടതിയുടെ നേരത്തെയുള്ള നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന വിധിന്യായമാണ് എന്‍.ഐ.എ കോടതിയില്‍ നിന്നും വന്നിരിക്കുന്നതെന്നും ഇതിനെ സ്വാഗതം ചെയ്യുന്നെന്നും സമിതി പറഞ്ഞു.
അലന്‍ താഹമാരുടെ പേരിലുള്ള സമിതി പ്രവര്‍ത്തനം ഈ ഘട്ടത്തില്‍ അവസാനിപ്പിക്കാനും വിപുലമായ മനുഷ്യാവകാശ പ്രശ്‌നങ്ങളോടു പ്രതികരിക്കുന്ന പ്രവര്‍ത്തന കേന്ദ്രമായി മാറാനും തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ഉച്ചയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അലനും താഹയും പുറത്തിറങ്ങിയത്. പത്ത് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് അലനും താഹയും പുറത്തിറങ്ങുന്നത്.
അതേസമയം ഇരുവരുടേയും ജാമ്യം തടയാന്‍ എന്‍.ഐ.എ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സെപ്തംബര്‍ 9 നാണ് അലനും താഹയ്ക്കും എന്‍.ഐ.എ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
അപ്പീല്‍ നല്‍കാന്‍ സാവകാശം വേണമെന്ന് കോടതിയെ എന്‍.ഐ.എ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ കോടതി ഇത് സമ്മതിച്ചിരുന്നില്ല.
പാസ്‌പോര്‍ട്ട് കെട്ടിവെക്കല്‍ ഉള്‍പ്പെടെ 11 ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് പന്തീരങ്കാവ് പൊലീസ് യു.എ.പി.എ ചുമത്തി അലനെയും താഹയെയും അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് ലഘുലേഖയും ബാനറും വീട്ടില്‍ നിന്ന് കണ്ടെടുത്തെന്നായിരുന്നു പൊലീസ് പറഞ്ഞത്. ഏപ്രില്‍ 27 നാണ് ദേശീയ അന്വേഷണ ഏജന്‍സി ഇരുവര്‍ക്കുമെതിരായ കുറ്റപത്രം കൊച്ചി എന്‍.ഐ.എ കോടതിയില്‍ സമര്‍പ്പിച്ചത്.
അറസ്റ്റിലായ ശേഷം മൂന്ന് തവണ ഇരുവരും ജാമ്യത്തിനായി ശ്രമിച്ചിരുന്നു. കോഴിക്കോട് ജില്ലാ കോടതിയിലും എന്‍.ഐ.എ കോടതിയിലും ഹൈക്കോടതിയിലുമായിരുന്നു ജാമ്യത്തിനായി ഹരജി സമര്‍പ്പിച്ചത്. എന്നാല്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാട്ടി ജാമ്യം നിഷേധിക്കുകയായിരുന്നു.
ഏപ്രില്‍ 27 ന് കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് അലനും താഹയും വീണ്ടും കൊച്ചി എന്‍.ഐ.എ കോടതിയില്‍ ജാമ്യത്തിനായി ശ്രമിച്ചത്. അതിന് ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.
താഹയുടെ ശബ്ദപരിശോധന കഴിഞ്ഞ ദിവസങ്ങളില്‍ കോടതിയില്‍ നടന്നിരുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിച്ചത് പൊലീസ് റെക്കോര്‍ഡ് ചെയ്തിരുന്നു.
അത് താഹയുടെ ശബ്ദം തന്നെയാണോ എന്ന് തെളിയിക്കുന്നതിന് വേണ്ടിയുള്ള വാദപ്രതിവാദങ്ങളായിരുന്നു കോടതിയില്‍ നടന്നത്. അതില്‍ അന്തിമ വാദം കേട്ടശേഷമാണ് കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്.
തങ്ങള്‍ക്കെതിരായ കേസില്‍ തെളിവുകള്‍ ഇല്ലെന്നും അന്യായമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നും ഇരുവരും ജാമ്യഹരജിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തില്‍ തെളിവുണ്ടെന്നായിരുന്നു എന്‍.ഐ.എയുടെ വാദം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content highlights: Alan and Taha uapa case Alan-Thaha Human Rights Committee