| Friday, 17th March 2017, 7:21 pm

തുറന്നിട്ട അലമാരക്കുള്ളില്‍ മിഥുന്‍ മാനുവല്‍ കരുതിവച്ചതെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഡൂള്‍ തിയറ്റര്‍ റേറ്റിങ്: ★★☆☆☆

സംവിധാനം: മിഥുന്‍ മാനുവല്‍ തോമസ്
തിരക്കഥ: ജോണ്‍ മന്ത്രിക്കല്‍
ഛായാഗ്രഹണം:സതീഷ് കുറുപ്പ്


ആട് ഒരു ഭീകരജീവിയാണ്, ആന്‍മരിയ കലിപ്പിലാണ് ഈ രണ്ടു ചിത്രങ്ങളും നല്‍കിയ പ്രതീക്ഷയാണ് ആസ്വാദകരെ മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര തുറക്കാനും പ്രേരിപ്പിച്ചത്. നവദമ്പതികളുടെ ജീവിതത്തിലുണ്ടാകുന്ന ഉരസലുകളും പൊട്ടിത്തെറികളും ഈഗോ ക്ലാഷുമാണ് അലമാരക്കുള്ളില്‍. കാലങ്ങളായ മലയാള സിനിമ പറഞ്ഞു വരുന്ന, പറഞ്ഞ് പറഞ്ഞ് വീര്യം നഷ്ടമായ കഥ. ദുര്‍ബലമെങ്കിലും ഇത്തരം ദുര്‍ബലതകളെ രസകരമായ അവതരിപ്പിക്കുന്നതില്‍ മിഥുന്‍ നേരത്തേയും കഴിവു തെളിയിച്ചുണ്ട. ആ പ്രതീക്ഷയോടെയാണ് അലമാരയ്ക്ക് ടിക്കറ്റെടുത്തത്.

ബാങ്കുദ്യോഗസ്ഥനായ അരുണിന്റേയും ഭാര്യ സ്വാതിയുടേയും ജീവിതത്തിലൂടെയാണ് അലമാരയുടെ സഞ്ചാരം. ഇരുവരുടേയും വിവാഹത്തിന് ശേഷം സ്വാതിയുടെ വീട്ടുകാരുടെ സമ്മാനമായ അലമാര വീട്ടിലെത്തുന്നതോടെ ആരംഭിക്കുന്ന പ്രശ്‌നങ്ങളും ഉരസലുകളും സൃഷ്ടിക്കുന്ന പൊട്ടിത്തെറികളാണ് ഇതിവൃത്തം. അലമാരയെ ചൊല്ലി രണ്ടു കുടുംബങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന രസകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് മിഥുന്‍ കഥ പറയുന്നത്.

മെലിഞ്ഞ ഒരു കഥാതന്തുവായിരുന്നിട്ടു കൂടി അതിനെ ഒട്ടും ബോറടിപ്പിക്കാതെ അവതരിപ്പിക്കാന്‍ കഴിഞ്ഞിടത്താണ് മിഥുന്റെ മിടുക്ക്. ചട്ടക്കൂടിനകത്തു പെട്ടുപോയ താരങ്ങളെ കൂട് തകര്‍ത്തു കൊണ്ടു വരിക എന്നതായിരുന്ന പോയ ചിത്രങ്ങളില്‍ മിഥുന്‍ ചെയ്തത്. എന്നാല്‍ അലമാരയിലെത്തുമ്പോള്‍ ആ മികവിന് മങ്ങലേറ്റിട്ടുണ്ട്. സംസ്ഥാന അവാര്‍ഡ് ജേതാവു കൂടിയായ മണികണ്ഠന്‍ ആചാരിയേയും അതുല്യ നടന്‍ ഇന്ദ്രന്‍സിനേയും വേണ്ട വിതത്തില്‍ ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചിട്ടില്ല. മണികണ്ഠന്‍ സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ പ്രകടനമികവ് ഒന്നു കൊണ്ട് മാത്രമാണ്.

ബീഫ് വിവാദവും നോട്ട് നിരോധവും അവതരിപ്പിച്ച് സംഘപരിവാറിനെ കൊട്ടുന്നതിലെ മിഥുന്റെ കയ്യടക്കം പ്രശംസനീയമാണ്. സമകാലിക വിഷയം കൈകാര്യം ചെയ്യുന്നതില്‍ ഈയ്യിടെ പുറത്തിറങ്ങിയ മെക്‌സിക്കന്‍ അപാരതയുടെ സംവിധായകന് പറ്റിയ വീഴ്ച്ച മിഥുന്‍ ആവര്‍ത്തിക്കുന്നില്ല.

ഒന്നാം പാതിയില്‍ വളരെ പതുക്കെ കൊച്ചു കൊച്ചു തമാശകളിലൂടെ മുന്നോട്ടു പോകുന്ന ചിത്രം രണ്ടാം പകുതിയിലെത്തുമ്പോള്‍ വിരസമാകുന്നുണ്ട്. കഥ കാര്യമാകുമ്പോള്‍ സംവിധായകന്റെ അനുഭവ സമ്പത്ത് വിലങ്ങു തടിയാകുന്നുണ്ട്. മിഥുന്‍ മാനുവലിലെ സംവിധായകന് മാര്‍ക്ക് ഹാസ്യത്തില്‍ തന്നെയാണ്.

ജോണ്‍ മന്ത്രിക്കലിന്റെ തിരക്കഥ തരക്കേടില്ലാത്തതാണ്. റിയലിസ്റ്റിക്കായ രംഗങ്ങള്‍ പലതും കാഴ്ച്ചക്കാരന് സ്വഅനുഭവത്തിലും കാണാന്‍ സാധിക്കുന്നവയാണ്. പ്രധാനമായും ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ഈഗോ ക്ലാഷ്. നവദമ്പതിമാരുടെ ജീവിതത്തില്‍ രണ്ടു പേരുടേയും കുടുംബങ്ങള്‍ക്കുള്ള റോള്‍ കൃത്യമായി തന്നെ പറഞ്ഞു വയ്ക്കാന്‍ തിരക്കഥാകൃത്തിന് സാധിച്ചിട്ടുണ്ട്.

നടനെന്ന നിലയില്‍ ഓരോ ചിത്രം കഴിയുമ്പോഴും സണ്ണിവെയ്ന്‍ ഇംപ്രൂവ് ആകുന്നുണ്ട്. ബന്ധുക്കളുടെ ബന്ധനങ്ങളില്‍ വലയുന്ന അരുണിനോട് സണ്ണി നീതി പുലര്‍ത്തിയിട്ടുണ്ട്. അതേസമയം ലൗഡ് ആയ രംഗങ്ങള്‍ അഭിനയിക്കുന്നതില്‍ ഇനിയും മെച്ചപ്പെടാനുണ്ട്. നായികയായി അരങ്ങേറ്റം കുറിച്ച അതിഥി രവിയും ഡീസന്റ് പ്രകടനമാണ് പുറത്തെടുത്തത്. “ബ്യൂട്ടിഫുള്‍ ഫേസ”് എന്നതിലുപരിയായി തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്താന്‍ അതിഥിയ്ക്ക് സാധിച്ചിരിക്കുന്നു.

പതിവുപോലെ “ഉടായിപ്പ്” ചങ്ങാതിയായി അജുവും ഗൗരവ്വം വിട്ട സൈജു കുറുപ്പുമെല്ലാം സംവിധായകന്റെ വിശ്വാസം കാത്തിരിക്കുന്നു. പക്ഷെ കയ്യടി നേടുന്നത് രഞ്ജി പണിക്കരും സീമ.ജി.നായരുമാണ്. ഇരുവരും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ ചിരി പടര്‍ത്തുന്നതില്‍ മുമ്പിട്ടു നില്‍ക്കുന്നുണ്ട്. ഗൗരവ്വക്കാരനായ അച്ഛനില്‍ നിന്നും ഭാര്യയ്ക്ക് റാന്‍ മൂളുന്ന ഭര്‍ത്താവിലേക്കുള്ള രഞ്ജിയുടെ ചുവടുമാറ്റം അദ്ദേഹത്തിലെ നടന് ഗുണം ചെയ്യും.

ബംഗളൂരുവിലും കൊച്ചിയിലുമായി നടക്കുന്ന കഥയെ ക്യാമറയില്‍ പകര്‍ത്തിയത് സതീഷ് കുറുപ്പാണ്. രണ്ട് പശ്ചാത്തലവും മനോഹരമായി തന്നെ സതീഷ് സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. അതേസമയം ലിജോ പോളിന്റെ എഡിറ്റിംഗ് ശരാശരിയില്‍ താഴെയാണ്. 2.10 മണിക്കൂര്‍ മാത്രമേ ഉണ്ടായിരുന്നുവെങ്കില്‍ കൂടി വലിച്ചു നീട്ടുന്നതായി പലപ്പോഴും തോന്നി. കൂടുതലും രണ്ടാം പകുതിയില്‍.

സൂരജ് എസ്.കുറുപ്പിന്റെ ഗാനങ്ങള്‍ മനസ്സിലിടം പിടിച്ചില്ലെങ്കിലും ബി.ജി.എം ചിത്രത്തിന്റെ മൂഡിന് യോജിച്ചതാണ്.

Final Verdict

അലമാരയ്ക്കുള്ളില്‍ സര്‍പ്രൈസുകളൊന്നും ഒളിപ്പിച്ചു വച്ചിട്ടില്ല മിഥുന്‍. ആടിനെപ്പോലെ പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമില്ല, ആന്‍മരിയയുടെ കലിപ്പുമില്ല. എങ്കിലും അലമാര കണ്ടിരിക്കാം.

We use cookies to give you the best possible experience. Learn more