'ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്'; അല്‍ ജസീറ ഡോക്യുമെന്ററിക്ക് അലഹബാദ് ഹൈക്കോടതിയുടെ സ്‌റ്റേ
national news
'ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്'; അല്‍ ജസീറ ഡോക്യുമെന്ററിക്ക് അലഹബാദ് ഹൈക്കോടതിയുടെ സ്‌റ്റേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th June 2023, 4:25 pm

അലഹബാദ്: ‘ഇന്ത്യ ഹു ലിറ്റ് ദി ഫ്യൂസ്’ എന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും അല്‍ ജസീറയെ വിലക്കി അലഹബാദ് ഹൈക്കോടതി. ഡോക്യമെന്ററി സംപ്രേഷണം ചെയ്താല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്ന് ആരോപിച്ചാണ് വിലക്ക്. ജസ്റ്റിസ് അശ്വിനി കുമാര്‍മിശ്ര, ജസ്റ്റിസ് അശുതോഷ് ശ്രീവാസ്തവ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് വിധി.

രാജ്യത്തിന്റെ അഖണ്ഡതക്ക് ഭീഷണിയാകുന്നതും പൗരന്മാര്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാന്‍ ഉതകുന്നതുമാണ് ഡോക്യുമെന്ററി എന്ന്  ആരോപിച്ച് സാമൂഹിക പ്രവര്‍ത്തകനായ സുധീര്‍ കുമാര്‍ ആണ് ഹരജി സമര്‍പ്പിച്ചിരുന്നത്.

മുസ്‌ലിങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചാണ് ഡോക്യുമെന്ററി പറയുന്നത്. ജൂണ്‍ 3ന് അല്‍ജസീറ ഡോക്യുമെന്ററിയുടെ അറബിക് പതിപ്പ് ട്വീറ്റ് ചെയ്തിരുന്നു.

ചിത്രത്തിന്റെ ഉള്ളടക്കം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ചതിനും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനും ശേഷമല്ലാതെ സംപ്രേഷണം ചെയ്യുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാരും വാര്‍ത്താ വിതരണ മന്ത്രാലയവും ഉറപ്പു വരുത്തണമെന്ന് ബെഞ്ച് നിര്‍ദേശം നല്‍കി.

ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 19 പ്രകാരം അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം നല്‍കുന്നുണ്ടെങ്കിലും ആര്‍ട്ടിക്കിള്‍ 19(2) പ്രകാരം ഇതിന് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കോടതി പറഞ്ഞു. സിനിമാട്ടോഗ്രാഫ് ആക്ട് 1952 പ്രകാരം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനുള്ള അനുമതി അല്‍ ജസീറക്ക് ലഭിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡോക്യുമെന്ററി വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം ഉണ്ടാക്കാനും സാമൂഹിക അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും സാമൂഹിക ജീവിതത്തെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പൊതുതാല്‍പര്യ ഹരജിയില്‍ പറയുന്നു.

ഇന്ത്യയിലെ മതവിഭാഗങ്ങള്‍നിടയില്‍ ഭിന്നത ഉണ്ടാക്കാനും വിദ്വേഷം സൃഷ്ടിക്കാനും ഡോക്യുമെന്ററി മനപൂര്‍വ്വം ശ്രമിക്കുന്നുവെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും സിനിമ സംപ്രേഷണം ചെയ്യുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റ് അല്‍ ജസീറക്ക് ലഭിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.

ഹരജി തുടര്‍ വാദം കേള്‍ക്കാനായി ജൂലൈ ആറിലേക്ക് മാറ്റി.

Content Highlight: Alahabad highcourt Puts interim stay on aljaseera documentary