ആദിപുരുഷ് എന്ന ചിത്രത്തിന്റെ നിർമാതാക്കളെ വിമർശിച്ച് അലഹബാദ് ഹൈകോടതി. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിലും ഒഴുക്കൻ സംഭാഷഞങ്ങൾ ഉൾപ്പെടുത്തിയതിനുമാണ് കോടതി ആദിപുരുഷിനെ വിമർശിച്ചത്.
ചിത്രത്തിന്റെ തിരക്കഥാകൃത്ത് മനോജ് മുന്താഷിറിനെ കേസിൽ കക്ഷി ചേർക്കുകയും ഒരാഴ്ചക്കുള്ളിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. രാമായണത്തെ ആസ്പദമാക്കിയുള്ള ആദിപുരുഷ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
ആദിപുരുഷ് എന്ന ആചിത്രത്തിലെ സംഭാഷണ ശൈലി വളരെ വലിയൊരു പ്രശ്നമാണെന്നും ചിത്രം നിരോധിച്ചാൽ മതവികാരം വ്രണപ്പെട്ടവർക്ക് ആശ്വാസം കിട്ടിയേക്കുമെന്നും കോടതി പറഞ്ഞു.
‘ആദിപുരുഷിലെ സംഭാഷണ ശൈലി വളരെ വലിയൊരു പ്രശ്നമാണ്. രാമായണം നമുക്കൊരു മാതൃകയാണ്. ഈ മതത്തിൽപ്പെട്ട ആളുകൾ വളരെ സഹനശീലർ ആണെന്ന് കരുതി ഈ വിഷയത്തിൽ കണ്ണടച്ചാൽ ഇനിയും അവരെ നിങ്ങൾ പരീക്ഷിക്കില്ലേ?,’ കോടതി ചോദിച്ചു.
ഈ ചിത്രം കണ്ടതിനു ശേഷം ആളുകൾ നിയമങ്ങൾ ലംഘിക്കാതിരുന്നത് വളരെ നല്ലൊരു കാര്യമായി എന്നും ചിത്രത്തിലെ ചില രംഗങ്ങൾ ആദ്യം തന്നെ നീക്കം ചെയ്യേണ്ടിയിരുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
‘ഈ ചിത്രം കണ്ടതിന് ശേഷം ആളുകൾ, ക്രമസമാധാനം ലംഘിക്കാതിരുന്നത് വളരെ നന്നായി. ഹനുമാനും സീതയും ഒന്നുമല്ലാത്തതുപോലെയാണ് ഈ ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സീനുകൾ നേരത്തെ തന്നെ ചിത്രത്തിൽനിന്നും നീക്കം ചെയ്യേണ്ടിയിരുന്നതാണ്. ചില സീനുകൾ അഡൾട്ട് കാറ്റഗറിയിൽ പെടുന്നതയായി തോന്നി. ഇത്തരം സിനിമകൾ കാണുന്നതിൽ ബുദ്ധിമുട്ടുണ്ട്,’ കോടതി പറഞ്ഞു.
ചിത്രത്തിൽ നിന്നും ആക്ഷേപകരമായ ചില സംഭാഷണങ്ങൾ നീക്കം ചെയ്തതായി ഡെപ്യൂട്ടി സോളിസിറ്റർ ജനറൽ അറിയിച്ചു. എന്താണ് ചെയ്തിരിക്കുന്നതെന്ന് സെൻസർബോർഡിനോട് ചോദിക്കണമെന്നും കോടതി സോളിസിറ്റർ ജനറലിനോട് പറഞ്ഞു.
‘സംഭാഷണങ്ങൾ മാറ്റിയതുകൊണ്ട് മാത്രമായില്ല. ഈ സീനുകൾ എന്ത് ചെയ്യും ? സിനിമയുടെ പ്രദർശനം നിർത്തിവെച്ചാൽ മതവികാരങ്ങൾ വ്രണപ്പെട്ടവർക്ക് ചിലപ്പോൾ ആശ്വാസം കിട്ടിയേക്കും. ഈ രാജ്യത്തെ യുവാക്കളും പൗരന്മാരും ബുദ്ധിശൂന്യർ ആണെന്ന് കരുതിയോ? രാമനും, ഹനുമാനും, ലക്ഷ്മണനും ഒക്കെ ഉണ്ടെങ്കിൽ അത് രാമായണം ആകുമോ?,’ കോടതി കൂട്ടിച്ചേർത്തു.
രാമായണത്തിലെ കഥാപാത്രങ്ങളെ ആധാരമാക്കിയുള്ള ചിത്രം ഹിന്ദുമത വികാരത്തെ വ്രണപ്പെടുത്തി എന്ന പേരിൽ ഹിന്ദുസേന കോടതിയെ സമീപിച്ചിരുന്നു. കൂടാതെ ചിത്രത്തിനെതിരെ വിമർശനവുമായി രാമായണം സീരിയൽ ചിത്രീകരിച്ച രാമാനന്ദ സാഗറിന്റെ മകൻ പ്രേം ആനന്ദ് രംഗത്തെത്തിയിരുന്നു.
രാമായണം ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലാണ് റിലീസ് ചെയ്തത്. രാമനായി പ്രഭാസ് എത്തിയപ്പോള്‍ രാവണനെ സെയ്ഫ് അലി ഖാനും സീതയെ കൃതി സനണുമാണ് അവതരിപ്പിച്ചത്.
500 കോടിയിലധികം ചെലവഴിച്ചാണ് ചിത്രം നിര്‍മിച്ചത്. ടി-സീരീസ്, റെട്രോഫില്‍സ് എന്നിവയുടെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Alahabad High court on Adipurush