മെസിയെ ഒരിക്കലും ടീമിലെത്തിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സൗദി പ്രോ ലീഗിലെ അല്‍ – താഈ എഫ്.സിയുടെ ചീഫ് ടര്‍കി അല്‍ – ദാബാന്‍. മുഴുവനും കത്തിത്തീര്‍ന്ന ഒരു വേള്‍ഡ് ക്ലാസ് താരത്തെ ടീമിലെത്തിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ താരത്തിന്റെ പ്രകടനം മോശമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദി അറേബ്യന്‍ മാധ്യമമായ എസ്.ബി.സിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അല്‍ – ദാബാന്‍ ഇക്കാര്യം പറഞ്ഞത്.
‘ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ ഗ്രൗണ്ടിലിരുന്ന് കളി കണ്ട മെസിയെ പോലെ, കത്തിത്തീര്‍ന്ന ഒരു ലോകോത്തര താരത്തെ ടീമിലെത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വരവോടെയാണ് സൗദി പ്രോ ലീഗ് അന്താരാഷ്ട്ര ചര്‍ച്ചകളിലേക്കുയര്‍ന്നത്. അല്‍ നസറുമായി താരം കരാറിലെത്താന്‍ പോകുന്നു എന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ ടീമും ലീഗും യൂറോപ്യന്‍ ആരാധകര്‍ക്കിടയില്‍ പോലും ചര്‍ച്ചയായിരുന്നു.
റൊണാള്‍ഡോക്ക് പിന്നാലെ ലയണല്‍ മെസിയും സൗദി പ്രോ ലീഗിലേക്കെത്തുമെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. സൗദി പ്രോ ലീഗില്‍ അല്‍ നസറിന്റെ ചിരവൈരികളായ അല്‍ ഹിലാല്‍ മെസിക്കായി വമ്പന്‍ ഓഫര്‍ മുന്നോട്ട് വെച്ചുവെന്നായിരുന്നു വാര്‍ത്ത.
മെസിയുടെ പേരെഴുതിയ അല്‍ – ഹിലാല്‍ മെര്‍ച്ചെന്‍ഡൈസുകളും വില്‍പനക്കെത്തിയതോടെ ഈ അഭ്യൂഹങ്ങള്‍ക്കും മൂര്‍ച്ചയേറി. എന്നാല്‍ താരം പി.എസ്.ജിയില്‍ തന്നെ തുടരുകയായിരുന്നു.
ബയേണ്‍ മ്യൂണിക്കിനെതിരായ മത്സരത്തില്‍ പരാജയപ്പെട്ടുകൊണ്ടായിരുന്നു പി.എസ്.ജി ചാമ്പ്യന്‍സ് ലീഗില്‍ നിന്നും പുറത്തായത്. ഇതിന് പിന്നാലെ പി.എസ്.ജി ആരാധകര്‍ തന്നെ പരസ്യമായി മെസിക്കെതിരെ രംഗത്തുവന്നിരുന്നു.
അതേസമയം, ദേശീയ ടീമിനൊപ്പം വിവിധ ടീമുകളുമായുള്ള സൗഹൃദ മത്സരം കളിക്കുകയാണ് മെസിയിപ്പോള്‍. പനാമക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ഒരു തകര്‍പ്പന്‍ ഗോളും മെസി നേടിയിരുന്നു. ഈ നേട്ടത്തോടെ തന്റെ കരിയറിലെ ഗോള്‍ നേട്ടം 800 ആക്കി ഉയര്‍ത്താനും മെസിക്ക് സാധിച്ചു.
കുറക്കാവോക്കെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത മത്സരം. മാര്‍ച്ച് 29 പുലര്‍ച്ചെ അഞ്ച് മണിക്ക് സാന്റിയാഗോയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
Content highlight: Al-Taee chief slams Lionel Messi