ജെറുസലേം: ഹമാസ് ഒളിത്താവളമാക്കിയെന്നാരോപിച്ച് അല്‍ ശിഫ ആശുപത്രിയില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ റെയ്ഡുകള്‍ തുടരുകയാണ്. എന്നാല്‍ റെയ്ഡുകള്‍ ലക്ഷ്യം വെക്കുന്നത് സാധാരണക്കാരെയും രോഗികളെയും അഭയാര്‍ത്ഥികളെയും ആണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘ആശുപത്രിയിലെ സാഹചര്യം വളരെ മോശമാണ്. ആശുപത്രിക്ക് ചുറ്റും സൈനിക ടാങ്കറുകളും വെടിയൊച്ചകളുമാണ്. ഇന്നലെ വൈകുന്നേരം മുതല്‍ ആശുപത്രിക്ക് ചുറ്റും ബോംബ് സ്‌ഫോടനങ്ങളും നടക്കുന്നുണ്ട്. അവര്‍ ഇന്നലെ രാത്രി ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറി.
ആശുപത്രിയിലെ സര്‍ജിക്കല്‍ കെട്ടിടം അവര്‍ ആക്രമിച്ചു.
ശേഷം അവര്‍ ആശുപത്രിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിലേക്ക് ഫോണ്‍ വിളിക്കുകയും ഞങ്ങള്‍ ആശുപത്രിയില്‍ പ്രവേശിക്കാന്‍ പോവുകയാണെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഞങ്ങള്‍ അതുകൊണ്ട് ആശുപത്രിയിലെ ജനാലകളുടെയും വാതിലുകളുടെയും പരിസരത്ത് നിന്നില്ല അവര്‍ വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന് ഞങ്ങള്‍ക്ക് യാതൊരു ധാരണയുമില്ല. തീര്‍ച്ചയായും അതൊരു ഭയാനകരമായ അവസ്ഥയായിരുന്നു. ആശുപത്രിയിലെ കുടുംബ അംഗങ്ങള്‍ക്കും അഭയാര്‍ത്ഥികള്‍ക്കും എല്ലാം അതൊരു ഭയാനകമായ സമയമായിരുന്നു.
ഗസാ പൗരന്മാരില്‍ പലരും കുട്ടികളോടും അവരുടെ കുടുംബത്തോടും ഒപ്പം ആശുപത്രിയില്‍ കഴിയുന്നുണ്ട്. ഞങ്ങളുടെ മാനസികാവസ്ഥ പറഞ്ഞറിയിക്കാന്‍ കഴിയില്ല. ഇത് വല്ലാത്ത ഒരു അവസ്ഥയാണ് മുഴുവന്‍ ലോകവും ഈ കുറ്റകൃത്യത്തിന് സാക്ഷിയാണ്. ആരും ഒന്നും ചെയ്യുന്നില്ല. എവിടെയാണ് അന്താരാഷ്ട്ര സമൂഹം? എവിടെയാണ് മാനുഷിക സഹായ സംഘടനകള്‍?ഒരു കൂട്ടം മനുഷ്യര്‍ പൂര്‍ണമായും ആശുപത്രിയില്‍ കുടുങ്ങിയ സാഹചര്യമാണുള്ളത്.
ഗണ്‍ ഷോട്ടുകള്‍ തുടരുന്നതിനാല്‍ ഞങ്ങള്‍ക്ക് പുറത്ത് എന്താണ് നടക്കുന്നത് എന്ന് അറിയാന്‍ സാധിക്കുന്നില്ല. ഞങ്ങള്‍ക്കൊന്നും കഴിക്കാനും കുടിക്കാനും ലഭിക്കുന്നില്ല. ഞങ്ങളുടെ രോഗികള്‍ക്ക് ചികിത്സ നല്‍കാന്‍ സാധിക്കുന്നില്ല. ആശുപത്രിയുടെ സര്‍ജിക്കല്‍ കെട്ടിടവും ഓര്‍ത്തോളജി സര്‍ജിക്കല്‍ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന ഒരു പാലമുണ്ട്. എന്നാല്‍ ഇന്നലെ രാത്രി ഡ്രോണ്‍ ഉപയോഗിച്ച് അത് നശിപ്പിച്ചിരിക്കുകയാണ്.
രണ്ടു കെട്ടിടങ്ങളെയും ബന്ധിപ്പിക്കുന്ന ഏക മാര്‍ഗമായിരുന്നു അത്. തീര്‍ച്ചയായിട്ടും ഇത് വളരെ ഭയാനകമായ അവസ്ഥയാണ്. ഞങ്ങളിപ്പോള്‍ ജനാലകള്‍ ഉള്ള ഭാഗത്തുനിന്നും അകന്നാണ് കഴിയുന്നത് കാരണം അവിടെ നിരന്തരമായ ഗണ്‍ ഷൂട്ടുകള്‍ നടക്കുന്നുണ്ട്,’ അല്‍ഷിഫ ആശുപത്രിയിലെ ഡോക്ടര്‍ അഹമ്മദ് അല്‍ മോഖലാലതി അല്‍ ജസീറയോട് പറഞ്ഞു.
Content Highlight: al shifa docter explaining current situation