ജിദ്ദ: സൗദി അറേബ്യന്‍ ഭരണകൂടത്തിന്റെ മന്ത്രിസഭാ യോഗത്തില്‍ ആദ്യമായി വനിതാ സാന്നിധ്യം. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സൗദിയില്‍ ചരിത്രമായത്.
കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നേരത്തെ തന്നെ നിയമിക്കപ്പെട്ട അല്‍ ഷിഹാന ബിന്ദ് സാലിഹ് അല്‍അസാസ് ആണ് ചൊവ്വാഴ്ച നടന്ന യോഗത്തില്‍ പങ്കെടുത്തുകൊണ്ട് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുന്ന ആദ്യ വനിതയായി ചരിത്രമെഴുതിയത്.
ഇക്കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു അഭിഭാഷകയായ അല്‍ഷിഹാന ബിന്ദ് സാലിഹ് അല്‍അസാസിനെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി മുഹമ്മദ് ബിന്‍ സല്‍മാന്‍ നിയമിച്ചത്.
സൗദിയിലെ റിയാദില്‍ ജനിച്ച അല്‍ ഷിഹാന ബ്രിട്ടനിലാണ് തന്റെ നിയമപഠനം പൂര്‍ത്തിയാക്കിയത്. 2008ല്‍ നിയമബിരുദം നേടിയ ഇവര്‍ ദുബായ്, കുവൈത്ത്, അമേരിക്ക, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഇറ്റലി എന്നിവിടങ്ങളിലായി അഭിഭാഷകയായി പ്രായോഗിക പരിശീലനം നേടി.