മൊഗാദിശു: സൊമാലിയയില്‍ സര്‍ക്കാര്‍ ആസ്ഥാനത്തുണ്ടായ ഇരട്ട ചാവേര്‍ സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 30 പേര്‍ക്ക് പരിക്കേറ്റു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം സൊമാലിയയിലെ സായുധ മിലീഷ്യയായ അല്‍ശബാബ് തീവ്രവാദികള്‍ ഏറ്റെടുത്തിട്ടുണ്ട്.
അക്രമികള്‍ സര്‍ക്കാര്‍ ആസ്ഥാനത്തേക്ക് ആദ്യം ട്രക്കും പിന്നീട് കാറും ഇടിച്ചുകയറ്റിയ ശേഷം കനത്ത വെടിവെപ്പ് നടത്തുകയായിരുന്നെന്ന് പ്രദേശവാസിയായ ഹലീമ ഇസ്മാഈല്‍ പറഞ്ഞു.
ഓരോ മിനുട്ട് വ്യത്യാസത്തിലായിരുന്നു രണ്ട് സ്‌ഫോടനവും നടന്നത്. ഒന്ന് ട്രക്കിലായിരുന്നു ചാവേര്‍ സ്‌ഫോടനം നടന്നത്. അടുത്തത് കാറിലായിരുന്നു.
കൊല്ലപ്പെട്ടവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥാരും ഉള്‍പ്പെട്ടിട്ടുണ്ട്. രാജ്യത്തെ അര്‍ധ സ്വയംഭരണ മേഖലയായ പുന്റ്‌ലാന്റില്‍ ഇന്നലെ രാത്രിയോടെയായിരുന്നു. ചാവേര്‍ സ്‌ഫോടനം.
സൊമാലിയന്‍ സുരക്ഷാസേനയും ആഫ്രിക്കന്‍ യൂണിയന്‍ സേനയും അല്‍ശബാബിനെതിരെ പോരാട്ടം ശക്തമാക്കിയിരുന്നു. വടക്കന്‍ സൊമാലിയയിലെ പുന്റ്‌ലാന്റ് മേഖലയില്‍ അല്‍ശബാബിന്റെ പ്രവര്‍ത്തനം ശക്തമാണ്. അല്‍ഷാബിന്റെ മുതിര്‍ന്ന ഒരു കമാന്ററെ കഴിഞ്ഞ ദിവസം സുരക്ഷാസേന പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ശബാബ് ആക്രമണം കൂടുതലാക്കിയത്.
സര്‍ക്കാര്‍ ആസ്ഥാനത്തിന് നേരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും നേരെ നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ അവരുടെ ഭീരുത്വത്തേയാണ് വ്യക്തമാക്കുന്നതെന്ന് അമേരിക്ക അറിയിച്ചു. സ്‌ഫോടനത്തില്‍ അമേരിക്ക ദു:ഖവും രേഖപ്പെടുത്തി. സൊമാലിയയെ ദുര്‍ബലപ്പെടുത്താനുള്ള തീവ്രവാദ സംഘടനകളുടെ ശ്രമമാണ് ഇതിന് പിന്നിലെന്നും അമേരിക്ക വ്യക്തമാക്കി.