ന്യൂയോര്‍ക്ക്: അല്‍ഖയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. ഇസ്ലാമാബാദില്‍ സി.ഐ.എയുമായുണ്ടായ ഏറ്റമുട്ടലില്‍ ലാദന്‍ കൊല്ലപ്പെട്ടെന്നും മൃതദേഹം തങ്ങളുടെ കൈവശമുണ്ടെന്നും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ലാദനൊപ്പം അദ്ദേഹത്തിന്റെ മകനും മറ്റ് മൂന്നുസഹായികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഒസാമയെ കടലില്‍ സംസ്‌കരിച്ചതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്‌ലാമിക ആചാരപ്രകാരമാണ് മൃതദേഹം സംസ്‌കരിച്ചതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.
പാക്കിസ്ഥാനിലെ ഇസ്‌ലാമാദില്‍വെച്ച് ഉസാമയെ പിടികൂടുകയും പിന്നീട് കൊല്ലപ്പെടുകയുമാണുണ്ടായത്. ബിന്‍ലാദന്റെ മരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
“ഞാന്‍ നിര്‍ദേശം നല്‍കി. എന്റെ നിര്‍ദേശപ്രകാരം എന്റെ സൈന്യം ആക്രമണം നടത്തി. കുറച്ചുകാലമായി ഞാന്‍ ഇക്കാര്യങ്ങള്‍ നിരീക്ഷിക്കുകയായിരുന്നു. എന്റെ സൈന്യം നടത്തിയ അഞ്ച് മണിക്കൂര്‍ നീണ്ട ആക്രമണത്തിനൊടുവില്‍ വെടിയേറ്റ് ഉസാമ മരിച്ചു.” ഒബാമ പറഞ്ഞു.
“സ്ത്രീകളും കുട്ടികളും അടക്കം 1000 കണക്കിന് നിരപരാധികളുടെ മരണത്തിന് കാരണക്കാരനാണ് ഉസാമ ബിന്‍ ലാദന്‍. സെപ്റ്റംബര്‍ 11 ആക്രമണത്തിലൂടെ അമേരിക്കയ്ക്കുണ്ടായ നഷ്ടം വളരെ വലുതാണ്. പാകിസ്ഥാന്‍ തുടക്കം മുതല്‍ തന്നെ നല്ല സഹകരണമാണ് നല്‍കിയത്. പാകിസ്താന്‍ എന്നും അമേരിക്കയുടെ സഖ്യകക്ഷി തന്നെയായിരിക്കും. ഭീകരവാദത്തെ അടിച്ചമര്‍ത്തുന്നതിനായി അവര്‍ ചെയ്ത സഹായം പ്രശംസയര്‍ഹിക്കുന്നതാണ്. ഇന്ന് രാവിലെ ഞാന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ വിളിച്ചിരുന്നു. ഭീകരവാദത്തിനെതിരായുള്ള പോരാട്ടത്തില്‍ തുടര്‍ന്നും അമേരിക്കയുടെ കൂടെയുണ്ടാകുമെന്ന് അദ്ദേഹം വാഗ്ദാനം നല്‍കി.”
“ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായിരുന്നില്ല അമേരിക്കയുടേത്. ഇസ്‌ലാമുമായി അമേരിക്ക ഒരിക്കലും യുദ്ധത്തില്‍ ഏര്‍പ്പെടില്ല.” ബരാക് ഒബാമ പറഞ്ഞു.
സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തിനുശേഷമാണ് ഉസാമ അമേരിക്കയുടെ തലവേദനയായി മാറിയത്. തുടര്‍ന്ന് ഉസാമയ്ക്കായി തിരച്ചില്‍ ശക്തമാക്കിയെങ്കിലും പിടികൂടാനായില്ല. അതിനിടെ ഉസാമ മരിച്ചുവെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അനുയായികളെ അഭിസംബോധന ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളിലൂടെ ഉസാമ വീണ്ടും രംഗത്തെത്തുകയായിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഡോ.നെജിബുള്ള സര്‍ക്കാറിനെ അട്ടിമറിക്കാനായി അമേരിക്കയാണ് ഉസാമയെ അഫ്ഗാനിലെത്തിച്ചത്. ഉസാമയെ സ്‌പോണ്‍സര്‍ ചെയ്യുന്നത് അമേരിക്കയാണെന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു.
കാലങ്ങളായി അമേരിക്കയുടെ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ടയാളായിരുന്നു ഉസാമ. സൗദിഅറേബ്യയിലെ സമ്പന്ന കുടുംബത്തിലായിരുന്നു ലാദന്‍ ജനിച്ചത്.
തുടര്‍ന്ന് വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്തതോടെ ലാദനെ പിടികൂടിയേ അടങ്ങൂ എന്ന് അമേരിക്ക പ്രഖ്യാപിച്ചു. അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ കടന്നുകയറ്റം പ്രധാനമായും ഉസാമയെ പിടികൂടാനെന്ന പേരിലായിരുന്നു.