| Monday, 25th December 2023, 9:40 pm

'അൽ ഖസം ബ്രിഗേഡ് ഇസ്രഈലി സേനയെ തരിപ്പണമാക്കുകയുമാണ്'; ഇസ്രഈൽ വ്യവസ്ഥകൾക്ക് വഴങ്ങികൊടുക്കില്ലെന്ന് ഹമാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിൽ ഇസ്രഈൽ സേനക്ക് കനത്ത നഷ്ടങ്ങൾ ഉണ്ടാക്കിയെന്നും ഇസ്രഈൽ ഭരണകൂടത്തിന്റെ വ്യവസ്ഥകൾക്ക് വഴങ്ങില്ലെന്നും ഹമാസ്.

ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖസം ബ്രിഗേഡുകൾ ഇസ്രഈലി സൈന്യത്തിനെതിരെ ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്നും അധിനിവേശ സേനയെ തരിപ്പണമാക്കുകയാണെന്നും ഹമാസ് നേതാവ് യഹിയ സിൻവർ അൽജസീറയോട് പറഞ്ഞു.

ഒക്ടോബർ ഏഴ് മുതലുള്ള പ്രതിരോധത്തിന്റെ ഭാഗമായി 5,000 ഇസ്രഈലി സൈനികരെയും ഓഫീസർമാരെയും കൊലപ്പെടുത്തിയതായും പരിക്കേൽപ്പിച്ചതായും സിൻവർ പറഞ്ഞു.

‘സ്നൈപ്പറുകളും ടാങ്ക് രഹിത മിസൈലുകളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് ഫലസ്തീനി പോരാളികൾ ടാങ്കുകൾ ഉൾപ്പെടെ 750 ഇസ്രഈലി വാഹനങ്ങൾ പൂർണ്ണമായോ ഭാഗികമായോ നശിപ്പിച്ചിട്ടുണ്ട്,’ സിൻവർ പറഞ്ഞു.

ഹമാസും ഇസ്രഈലും തമ്മിൽ വെടിനിർത്തൽ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിലാണ് സിൻവറിന്റെ പരാമർശം.

ഫലസ്തീനി തടവുകാരെ മോചിപ്പിക്കുന്നതിനു പകരമായി ഇസ്രഈലി ബന്ദികളെ കൈമാറ്റം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേൽ മറ്റൊരു താത്കാലിക വെടിനിർത്തലിന് നിർദേശം മുന്നോട്ട് വെച്ചിരുന്നു.

ഇസ്രഈലി ആക്രമണം പൂർണമായി അവസാനിപ്പിക്കുകയും ഗസയിലേക്ക് മാനുഷിക സഹായം അനുവദിക്കുകയും ചെയ്യാതെ ബന്ദി കൈമാറ്റം നടക്കില്ലെന്നാണ് ഹമാസിന്റെ നിലപാട്.

കഴിഞ്ഞ ദിവസങ്ങളിൽ ഫലസ്തീനിൽ നടത്തുന്ന ആക്രമണത്തിൽ ഇസ്രഈൽ സൈന്യത്തിന് കനത്ത നഷ്ടമുണ്ടായിരുന്നു. പ്രത്യേക സൈനിക ഗ്രൂപ്പായ ഗോളാണി ബ്രിഗേഡിന് 60 ദിവസങ്ങൾക്ക് ശേഷം ഗസയിൽ നിന്ന് ഇസ്രഈൽ പിൻവലിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത നേരിട്ട് അനുഗ്രഹം നൽകി യുദ്ധനടപടികൾക്കായി ഗസയിലേക്ക് അയച്ച സൈനിക ഗ്രൂപ്പായിരുന്നു ഗോലാനി ബ്രിഗേഡ്.

സൈനികരുടെ പുനസംഘാടനത്തിനും വിശ്രമത്തിനുമായി താത്കാലിക സമയത്തേക്ക് സൈന്യത്തെ ഗസയിൽ നിന്ന് തിരിച്ചു വിളിക്കുന്നു എന്നാണ് ഇസ്രഈൽ സർക്കാർ അറിയിച്ചത്.

എന്നാൽ ശുജാഇയ്യ അടക്കമുള്ള പ്രദേശങ്ങളിൽ ഹമാസിന്റെ ഭാഗത്ത് നിന്ന് ഇസ്രഈൽ സൈന്യം നേരിട്ട പരാജയവും സൈന്യത്തിന്റെ തീരുമാനങ്ങൾ നടപ്പിലാക്കാൻ കഴിയാത്തതുമാണ് സൈന്യത്തെ പിൻവലിക്കുന്നതിന് കാരണം എന്ന് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നു.

Content Highlight: Al-Qassam Brigades ‘smashing’ Israeli occupation army, will not surrender: Hamas leader

We use cookies to give you the best possible experience. Learn more