| Tuesday, 2nd January 2024, 1:07 pm

ഇസ്രഈലി സേനയുടെ 71 വാഹനങ്ങൾ തകർത്തു, 16 സൈനികർ കൊല്ലപ്പെട്ടു; ഇസ്രഈലിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെൽ അവീവ്: ഇസ്രഈലിൽ നടത്തിയ ഏറ്റവും പുതിയ ആക്രമണത്തിൽ ഇസ്രഈലി സൈന്യത്തിന്റെ 71 വാഹനങ്ങൾ തകർത്തുവെന്നും 16 സൈനികരെ കൊലപ്പെടുത്തിയെന്നും അവകാശപ്പെട്ട് ഹമാസിന്റെ അൽ ഖസം സേന.

കഴിഞ്ഞ നാല് ദിവസങ്ങളിലായി 42 സൈനിക ദൗത്യങ്ങൾ നടപ്പാക്കിയെന്ന് അൽ ഖസം ബ്രിഗേഡിന്റെ വക്താവ് അബു ഉബൈദ അറിയിച്ചു.

ഗസ മുനമ്പിൽ ഇസ്രഈലി ഹെലികോപ്റ്ററിനെ ലക്ഷ്യം വെച്ചതായും ഉബൈദ പറഞ്ഞു.

‘ഞങ്ങളുടെ പോരാളികൾ രണ്ട് രഹസ്യാന്വേഷണ ഡ്രോണുകളെ താഴെയിറക്കുകയും മറ്റൊന്ന് പിടിച്ചെടുക്കുകയും ചെയ്തു,’ അദ്ദേഹം പറഞ്ഞു.

വടക്കൻ ഗസയിൽ ഈയിടെ കൊല്ലപ്പെട്ട മുതിർന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 507 സൈനികർ കൊല്ലപ്പെട്ടതായി ഇസ്രഈൽ സേന വെളിപ്പെടുത്തിയിരുന്നു.

എം90 റോക്കറ്റുകൾ ഉപയോഗിച്ച് ടെൽ അവീവിലെ തീരദേശ നഗരത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്നും അബു ഉബൈദ പറഞ്ഞു.

നെതന്യാഹു നേരിട്ട് അനുഗ്രഹിച്ച് ഗസ യുദ്ധമുഖത്തേക്ക് അയച്ച ഇസ്രഈൽ സേനയുടെ ഗോലാനി ബ്രിഗേഡിനെ സൈന്യം പിൻവലിച്ചിരുന്നു. പിന്നാലെ അഞ്ച് സൈനിക ഗ്രൂപ്പുകളെ കൂടി ഗസയിൽ നിന്ന് പിൻവലിച്ചു. ഇസ്രഈൽ സമ്പദ്ഘടനയെ പുനരുജ്ജീവിക്കുവാനാണ് ഇപ്പോൾ സൈന്യത്തെ പിൻവലിക്കുന്നതെന്നും യുദ്ധം ദീർഘനാൾ തുടരുമെന്നുമാണ് ഇസ്രഈൽ പറയുന്നത്.

Content Highlight: Al-Qassam Brigades: 71 Israeli military vehicles destroyed, Tel Aviv barraged with rockets

We use cookies to give you the best possible experience. Learn more