| Friday, 1st November 2024, 5:27 pm

ഇസ്രഈല്‍ സൈനിക മേധാവിയുടെ വീട് ആക്രമിച്ച് അല്‍ ഖസാം ബ്രിഗേഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ സൈനിക മേധാവി ഹെര്‍സി ഹലൈവിയുടെ വീട് ആക്രമിച്ച് ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്. വടക്കന്‍ ഗസയിലെ ഹലൈവി താമസിച്ചിരുന്ന വീടിന് നേരെയാണ് ആക്രമണം നടന്നതെന്ന് ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആക്രമണത്തില്‍ ഹലൈവിക്ക് പരിക്കുകളൊന്നും പറ്റിയിട്ടില്ല.

വടക്കന്‍ ഗാസയിലെ സൈനിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സേനയുമായി ഹലേവി ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന.

അതേസമയം ഹലൈവി പുറത്തിറങ്ങിയതിന്റെ പിന്നാലെ നടന്ന ആക്രമണത്തില്‍ ഐ.ഡി.എഫിന്റെ 888 മള്‍ട്ടിഡൈമന്‍ഷണല്‍ യൂണിറ്റിലെ നാല് സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഹമാസ് ആക്രമണത്തില്‍ നാല് ഇസ്രഈല്‍ സൈനികര്‍ കൊല്ലപ്പെട്ട വിവരം നേരത്തെ തന്നെ ഇസ്രഈല്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഹലൈവിയെ ലക്ഷ്യമിട്ടാണ് ഹമാസ് ആക്രമണം നടത്തിയതെന്ന കാര്യം ഇസ്രഈല്‍ സ്ഥിരീകരിച്ചിട്ടില്ല.

ക്യാപ്റ്റനായ യൊഹോനാതന്‍ ജോനി കെറേന്‍, സ്റ്റാഫ് സര്‍ജന്റ് നിംസിം മെയ്തല്‍, നവോര്‍ ഹൈകോമോവ്, അവിവ് ഗില്‍ബോവ എന്നിവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇവര്‍ക്ക് പുറമെ മറ്റ് നാല് സൈനികര്‍ക്ക് കൂടി ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ജബലിയയിലെ ഇസ്രഈല്‍ സൈനിക ഓപ്പറേഷന്‍ കേന്ദ്രമാക്കാന്‍ തീരുമാനിച്ചിരുന്ന കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ഇറാനില്‍ നിന്നും അവരുടെ പ്രോക്‌സി ഗ്രൂപ്പുകളില്‍ നിന്നുമുള്ള നിരന്തര ആക്രമണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇസ്രഈല്‍
മന്ത്രിസഭ യോഗം രഹസ്യഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇനി മുതല്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ചോ ഐ.ഡി.എഫിന്റെ ആസ്ഥാനത്ത് വെച്ചോ മീറ്റിങ്ങുകള്‍ ചേരില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രഈലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ആക്രമണങ്ങളും നെതന്യാഹുവിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണവുമാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ ഇസ്രഈല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് ടൈംസ് ഓഫ് ഇസ്രഈല്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇവയ്ക്ക പുറമെ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് നവംബറില്‍ നടത്താനിരുന്ന നെതന്യാഹുവിന്റെ മകന്റെ വിവാഹവും മാറ്റിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Al-Qassam Brigade attacked the house of the Israeli army chief Herzi Halevi

We use cookies to give you the best possible experience. Learn more