'സിനിമയും ഗുസ്തി മത്സരവും പാപം'; സൗദി രാജകുമാരന് മുന്നറിയിപ്പ് നല്‍കി അല്‍ ഖ്വയ്ദ
Saudi Arabia
'സിനിമയും ഗുസ്തി മത്സരവും പാപം'; സൗദി രാജകുമാരന് മുന്നറിയിപ്പ് നല്‍കി അല്‍ ഖ്വയ്ദ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st June 2018, 11:32 pm

ജിദ്ദ: യാഥാസ്ഥിതിക സൗദി സമൂഹത്തെ സ്വതന്ത്രമാക്കുന്ന തരത്തിലുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നടപടികള്‍ തെറ്റാണെന്ന മുന്നറിയിപ്പുമായി ഭീകര സംഘടനയായ അല്‍ ഖ്വായ്ദ. മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ കാലത്ത് പള്ളികള്‍ക്ക് പകരം സിനിമാ തിയേറ്ററുകളാണ് സ്ഥാപിക്കുന്നതെന്നാണ് യെമന്‍ ആസ്ഥാനമായുള്ള അല്‍ ഖ്വായ്ദ സംഘടനയായ എ.ക്യൂ.എ.പി പ്രസ്താവനയിലൂടെ അറിയിച്ചത്.

പാശ്ചാത്യ മണ്ടത്തരങ്ങളെ അനുകരിക്കുന്ന രാജകുമാരന്‍ സാദാചാര ച്യുതിയ്ക്കും അഴിമതിക്കും കാരണമാവുമെന്ന് അല്‍ ഖ്വയ്ദ അപലപിച്ചു.

ഒരു വര്‍ഷം മുന്‍പ് പിതാവായ സല്‍മാന്‍ രാജാവില്‍ നിന്നാണ് മുഹമ്മദ് അധികാരമേറ്റത്. ഭരണമേറ്റതിന് പിന്നാലെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് രാജകുമാരന്‍ കൊണ്ടുവരുന്നത്. എണ്ണയെ മാത്രം ആശ്രയിക്കുന്നതില്‍ നിന്ന് മാറി രാജ്യത്ത് മറ്റ് വരുമാനോപാധികള്‍ കൂടി കണ്ടെത്തുന്ന തരത്തില്‍ സാമ്പത്തിക-സാമൂഹ്യ പരിഷ്‌കരണങ്ങളാണ് മുഹമ്മദ് നടത്തുന്നത്.


Read | പാല്‍ഘറില്‍ കോണ്‍ഗ്രസ് ബി.വി.എ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിരുന്നെങ്കില്‍ ബി.ജെ.പി ജയിക്കില്ലായിരുന്നുവെന്ന് പ്രഫുല്‍ പട്ടേല്‍


 

ഇതിന്റെ ഭാഗമായി, സിനിമാ തീയേറ്ററുകള്‍ തുറക്കാനും സ്ത്രീകളുടെ ഡ്രൈവിംഗ് വിലക്ക് മാറ്റാനും തീരുമാനമായി. കടുത്ത ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അയവു വരുത്തുമെന്നും പറഞ്ഞിരുന്നു. ഏപ്രിലില്‍ വേള്‍ഡ് റെസ്ലിംഗ് എന്റര്‍റ്റൈന്‍മെന്റ് (WWE) ജിദ്ദയില്‍ നടന്നിരുന്നു.

റെസ്ലിംഗ് മത്സരത്തിനെതിരെയും അല്‍ ഖ്വായ്ദയുടെ പ്രസ്താവനയില്‍ വിമര്‍ശനമുണ്ട്. സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച് കൊണ്ടുള്ള അവിശ്വാസികളുടെ റെസ്ലിംഗ് മത്സരങ്ങള്‍ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള വേദിയില്‍ നടത്തിയെന്നാണ് അല്‍ ഖ്വായ്ദ വിമര്‍ശിച്ചത്.