കാബൂള്‍: അല്‍ ഖ്വയിദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വെച്ച് നടന്ന യു.എസ് ഡ്രോണാക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ശനിയാഴ്ച നടന്ന ഡ്രോണാക്രമണത്തിലാണ് സവാഹിരി കൊല്ലപ്പെട്ടതെന്നും എന്നാല്‍ ഓപ്പറേഷന്റെ സമയത്ത് ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയോ മറ്റ് സിവിലിയന്‍സിനെയോ ആക്രമിച്ചിട്ടില്ലെന്നും ബൈഡന്‍ പറഞ്ഞു.
‘നീതി നടപ്പിലാക്കപ്പെട്ടു’ (Justice has been delivered) എന്നായിരുന്നു അല്‍ ഖ്വയിദ തലവന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ജോ ബൈഡന്‍ നടത്തിയ പ്രതികരണം. സെപ്റ്റംബര്‍ 11 ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രങ്ങളിലൊന്നായിരുന്നു സവാഹിരിയെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു.
അമേരിക്കന്‍ പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ലക്ഷ്യം വെച്ചുകൊണ്ട് സവാഹിരിയുടെ കീഴില്‍ അല്‍ ഖ്വയിദ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായും ബൈഡന്‍ ആരോപിച്ചു.
”എന്റെ നിര്‍ദേശപ്രകാരം ശനിയാഴ്ച അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ അമേരിക്ക വിജയകരമായി നടത്തിയ വ്യോമാക്രമണത്തില്‍ അല്‍ ഖ്വയിദയുടെ അമീര്‍ അയ്മന്‍ അല്‍- സവാഹിരി കൊല്ലപ്പെട്ടു. നീതി നടപ്പാക്കപ്പെട്ടു.
പതിറ്റാണ്ടുകളായി, 2000ല്‍ 17 നാവികര്‍ കൊല്ലപ്പെട്ട ബോംബാക്രമണം ഉള്‍പ്പെടെ പതിറ്റാണ്ടുകളായി അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങളുടെ ഭാഗമായിരുന്നു ഇദ്ദേഹം.
ഇന്ന് രാത്രി ഞങ്ങള്‍ ഒരു കാര്യം വ്യക്തമാക്കി, നിങ്ങള്‍ എവിടെ ഒളിക്കാന്‍ ശ്രമിച്ചിട്ടും കാര്യമില്ല. എത്ര സമയമെടുത്തായാലും ഞങ്ങള്‍ നിങ്ങളെ കണ്ടെത്തും,” വീഡിയോ സന്ദേശത്തില്‍ ബൈഡന്‍ പറഞ്ഞു.
ഡ്രോണാക്രമണം നടക്കുന്ന സമയത്ത് കാബൂളിലെ ഒരു വീട്ടില്‍ തന്റെ കുടുംബത്തോടൊപ്പം ഒളിവില്‍ കഴിയുകയായിരുന്നു അയ്മന്‍ അല്‍ സവാഹിരി.
71കാരനായ സവാഹിരി ഈജിപ്ഷ്യന്‍ പൗരനായിരുന്നു. ഈജിപ്ഷ്യന്‍ ഇസ്‌ലാമിക് ജിഹാദ് എന്ന സംഘടനയുടെ സ്ഥാപകന്‍ കൂടിയാണ് സവാഹിരി. 1998ല്‍ ഇത് അല്‍ ഖ്വയിദയുമായി ലയിപ്പിക്കുകയായിരുന്നു.
2011ല്‍ അന്നത്തെ അല്‍ ഖ്വയിദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്‍ യു.എസ് ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ അല്‍ ഖ്വയിദ തലവനായി ചുമതലയേല്‍ക്കുകയായിരുന്നു സവാഹിരി.
ആഴ്ചകളായി ഈ ഡ്രോണാക്രമണത്തിന് വേണ്ടി യു.എസ് തയ്യാറെടുപ്പുകള്‍ നടത്തുകയായിരുന്നുവെന്ന് അമേരിക്കയുടെ ഒരു സീനിയര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ സവാഹിരിയെ പിടികൂടാന്‍ സഹായകരമാകുന്ന വിവരം നല്‍കുന്നവര്‍ക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് 25 മില്യണ്‍ ഡോളര്‍ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.
Content Highlight: Al-Qaeda chief Ayman al-Zawahiri killed by US in drone strike in Kabul, Biden says Justice is delivered