| Thursday, 4th September 2014, 10:33 am

പ്രവര്‍ത്തനം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കുന്നതായി അല്‍ ഖ്വയ്ദ

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] ഇസ്‌ലാമാബാദ്: അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അല്‍ ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി അറിയിച്ചു. ഇസ്‌ലാം നിയമവും വിശുദ്ധ യുദ്ധവും ആഗോളതലത്തിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള പ്രവേശനമെന്ന് സവാഹിരി വ്യക്തമാക്കി.ബുധനാഴ്ച്ച ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത 55 മിനിറ്റുള്ള വിഡിയോ സന്ദേശത്തിലൂടെയാണ് സവാഹിരി അല്‍ ഖ്വയ്ദയുടെ  വെളിപ്പെടുത്തല്‍.

മ്യാന്‍മര്‍, ബംഗ്ലാദേശ്, അസം, ഗുജറാത്ത്, കശ്മീര്‍ എന്നിവിടങ്ങളിലൂടെയാവും മേഖലയില്‍ ജിഹാദിന്റെ ആദ്യചുവടുവയ്‌പ്പെന്നും സവാഹിരി വെളിപ്പെടുത്തുന്നു. അടിച്ചമര്‍ത്തപ്പെടുന്ന മുസ്‌ലിം സമൂഹത്തിനു ഈ വാര്‍ത്ത സന്തോഷം നല്‍കുമെന്നും അവര്‍ക്കെതിരെ നടക്കുന്ന അനീതികള്‍ക്ക് ഇന്ത്യന്‍ ഘടകം പകരം ചോദിക്കുമെന്നും വീഡിയോയില്‍ സവാഹിരി പറയുന്നു.  ഇതിനായി ശക്തരായ യുവനിരയെ നിയോഗിക്കുമെന്നും അഫ്ഗാന്‍ താലിബാന്‍ നേതാവ് മുല്ല ഒമറിനോടാവും തന്റെ സേന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയെന്നും സവാഹിരി വ്യക്തമാക്കി.

പാകിസ്ഥാന്‍ അല്‍ ഖ്വയ്ദയുടെ ശരിയ കമ്മിറ്റി മേധാവി അസിം ഉമറിനെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദ നേതാവായി സവാഹിരി പ്രഖ്യാപിച്ചത്. തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ഇസിസിന്റെ ആവിര്‍ഭാവം അല്‍ ഖ്വയ്ദയ്ക്ക് ഭീഷണിയുയര്‍ത്തുന്നതായി നിരീക്ഷണമുണ്ടായിരുന്നു. വീഡിയോയിലൂടെ ഇസിസിനും അല്‍ ഖ്വയ്ദ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

അല്‍ ഖ്വയ്ദയുടെ ആഹ്വാനത്തെ തുടര്‍ന്ന് തീവ്രവാദ വിരുദ്ധസേനയ്ക്കും ഇന്റലിന്‍ജന്‍സിനും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. പോലീസ് സ്‌റ്റേഷനുകള്‍ക്ക് ആക്രമണ ഭീഷണിയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് നിര്‍ദേശം.

We use cookies to give you the best possible experience. Learn more