'റോണോ കഠിനാധ്വാനം കൊണ്ട് വിജയിച്ചവന്‍'; ഇതിഹാസത്തെ പ്രശംസിച്ച് അല്‍ നസര്‍ കോച്ച്
Football
'റോണോ കഠിനാധ്വാനം കൊണ്ട് വിജയിച്ചവന്‍'; ഇതിഹാസത്തെ പ്രശംസിച്ച് അല്‍ നസര്‍ കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 23rd October 2023, 11:27 am

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മിന്നും ഫോമിലാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡമാക് എഫ്.സിക്കെതിരെ അവിസ്മരണീയമായ വിജയം അല്‍ നസര്‍ സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ മികച്ച ഒരു ഫ്രീകിക്ക് ഗോള്‍ നേടി വിജയത്തിലെത്തിച്ചിരുന്നു.

ഇപ്പോഴിതാ അല്‍ നസര്‍ പരിശീലകന്‍ ലൂയിസ് കാസ്‌ട്രോ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ക്ലബ്ബിനൊപ്പമുള്ള റൊണാള്‍ഡോയുടെ പ്രവര്‍ത്തങ്ങള്‍ മികച്ചതാണെന്നും അദ്ദേഹത്തില്‍ നിന്നും ഒന്നും ആവശ്യപ്പെടേണ്ടതില്ലെന്നുമാണ് ലൂയിസ് കാസ്‌ട്രോ പറഞ്ഞത്.

കഠിനാധ്വാനം, അച്ചടക്കം എന്നിവകൊണ്ട് ഏറ്റവും മികച്ച വിജയം നേടിയ ഒരാളാണ് റൊണാള്‍ഡോ. ഞങ്ങള്‍ക്ക് അവനോട് ഒന്നും ആവശ്യപ്പെടാനില്ല എല്ലാം അവന്‍ കണ്ടറിഞ്ഞ് ചെയ്യുന്നു. ലോകത്തിന് മുന്നില്‍ തിളങ്ങിനില്‍ക്കാനും എപ്പോഴും വിജയിക്കാനും അദ്ദേഹം ആഗ്രഹിക്കുന്നു,’ ട്രൈബല്‍ ഫുട്‌ബോള്‍ വഴി കാസ്‌ട്രോ പറഞ്ഞു.

റൊണാള്‍ഡോയെ ചിരിപ്പിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷവും കോച്ച് പങ്കുവെച്ചു.

‘ഇത്രയധികം പ്രായമായിട്ടും ഫുട്‌ബോള്‍ ആസ്വദിക്കുകയും സഹതാരങ്ങളോടൊപ്പം നന്നായി കളിക്കുകയും ചെയ്യുന്ന ഒരു താരത്തിന്റെ പരിശീലമാകുന്നതില്‍ എനിക്ക് വലിയ സന്തോഷമാണ് നല്‍കുന്നത്,’ അദ്ദേഹം കൂട്ടിചേര്‍ത്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നുമാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറില്‍ എത്തുന്നത്. സൗദി ക്ലബ്ബിനൊപ്പം 31 മത്സരങ്ങളില്‍ നിന്നും 26 ഗോളുകളും എട്ട് അസിസ്റ്റുകളും ആണ് റോണോയുടെ പേരിലുള്ളത്.

ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളും ആറ് അസിസ്റ്റുകളുമായി ലീഗിലെ നിലവിലെ ടോപ്പ് സ്‌കോറര്‍ ആണ് ഈ 38കാരന്‍.

സൗദി പ്രോ ലീഗില്‍ നിലവില്‍ പത്ത് മത്സരങ്ങളില്‍ നിന്നും ഏഴ് വിജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമടക്കം 22 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അല്‍ നസര്‍.

Content Highlight: Al Nazzer coach praises Cristiano Ronaldo performance.