സൗദി ലീഗിൽ അല്‍ നസറിന് തകര്‍പ്പന്‍ ജയം. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ അല്‍ ഫെയ്ഹയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സൗദി വമ്പന്മാര്‍ പരാജയപ്പെടുത്തിയത്.
സസ്‌പെന്‍ഷനെ തുടര്‍ന്ന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെ ആയിരുന്നു കളത്തില്‍ ഇറങ്ങിയത്. അല്‍ ഹിലാലിനെതിരായ മത്സരത്തില്‍ എതിരാളിയെ എല്‍ബോ കൊണ്ട് ചെയ്തതിന് തുടര്‍ന്ന് റൊണാള്‍ഡോയ്ക്ക് രണ്ടു മത്സരങ്ങളില്‍ വിലക്ക് നേരിടേണ്ടി വന്നിരുന്നു ഇതിനു പിന്നാലെയാണ് അല്‍ഫയ്‌ക്കെതിരെ താരം കളത്തില്‍ ഇറങ്ങാതിരുന്നത്.
സൂപ്പര്‍താരത്തിന്റെ അഭാവം തെല്ലും ബാധിക്കാതെ ആയിരുന്നു സൗദി വമ്പന്‍മാരുടെ മുന്നേറ്റം. മത്സരത്തില്‍ അല്‍ നസറിനു വേണ്ടി സെനഗൽ സൂപ്പര്‍ താരം സാധിയോ മാനേ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് നടത്തിയത്.
അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-4-2-1 ഫോര്‍മേഷനില്‍ ആണ് അല്‍ നസര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-2-3-1 എന്ന ശൈലിയായിരുന്നു എതിരാളികള്‍ പിന്തുടര്‍ന്നത്.
മത്സരം തുടങ്ങി ആറാം മിനിറ്റില്‍ തന്നെ ഫാഷന്‍ സക്കാലയിലൂടെ അല്‍ ഫെയ്ഹയാണ് ആദ്യം ഗോള്‍ നേടിയത്. ഒടുവില്‍ ആദ്യപകുതി ഈ ഒറ്റ ഗോളിന്റെ ലീഡില്‍ അല്‍ ഫെയ്ഹ മുന്നിട്ടുനില്‍ക്കുകയായിരുന്നു.
രണ്ടാം പകുതിയിലായിരുന്നു സൗദി വമ്പന്മാര്‍ ശക്തമായി തിരിച്ചുവന്നത്. 76, 82 എന്നീ മിനിട്ടുകളില്‍ ആയിരുന്നു സാദിയോ മാനെയുടെ ഗോളുകള്‍ പിറന്നത്. അബ്ദുള്ള അല്‍ അമുറിയുടെ വകയായിരുന്നു ബാക്കിയുള്ള ഒരു ഗോള്‍.
അല്‍ ഫെയ്ഹക്കായി ഗോള്‍ നേടിയ ഫാഷന്‍ മത്സരത്തിന്റെ അവസാന മിനിട്ടുകളില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതും എതിരാളികള്‍ക്ക് വമ്പന്‍ തിരിച്ചടിയാണ് നല്‍കിയത്.
വിജയത്തോടെ 28 മത്സരങ്ങളില്‍ നിന്നും 22 വിജയവും രണ്ട് സമനിലയും നാലു തോല്‍വിയും അടക്കം 68 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഏപ്രില്‍ 27ന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയമാണ് വേദി.
Content Highlight: AL Nassr won in Saudi Pro league