1200ാം മത്സരം അവിസ്മരണീയമാക്കി റോണോ; അല്‍ നസര്‍ കുതിക്കുന്നു
Football
1200ാം മത്സരം അവിസ്മരണീയമാക്കി റോണോ; അല്‍ നസര്‍ കുതിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 9th December 2023, 8:18 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. അല്‍ റിയാദിനെതിരെ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസര്‍ തകര്‍ത്തത്. മത്സരത്തില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ

റൊണാള്‍ഡോ ഒരു ഗോളും ഒരു അസിസ്റ്റും നേടി കൊണ്ട് മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്.

റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിലെ 1200ാം മത്സരമായിരുന്നു ഇത്. ഈ മത്സരത്തില്‍ ഒരു ഗോളും അസിസ്റ്റും നേടി റൊണാള്‍ഡോ മികച്ച പ്രകടനം കാഴ്ചവെച്ചത് ഏറെ ശ്രദ്ധേയമായി. റൊണാള്‍ഡോയുടെ ഫുട്‌ബോള്‍ കരിയറിലെ 868-ാമത്തെ ഗോള്‍ ആയിരുന്നു ഇത്.

ഈഗോളോടെ സൗദി ലീഗില്‍ ഈ സീസണില്‍ 16 ഗോളുകളുമായി ഗോള്‍ വേട്ടക്കാരുടെ പട്ടികയിലേക്ക് മുന്നേറാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. ഈ സീസണില്‍ സൗദി ലീഗിലും എ.എഫ്.സി ചാമ്പ്യന്‍സ് ലീഗിലും ആയി 19 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് ഈ 38 കാരന്റെ അക്കൗണ്ടിലുള്ളത്.

മത്സരത്തിന്റെ 31ാം മിനിട്ടില്‍ ആയിരുന്നു റൊണാള്‍ഡോയുടെ ഗോള്‍ പിറന്നത്. പെനാല്‍ട്ടി ബോസ്സിലേക്ക് വന്ന ക്രോസില്‍ നിന്നും ഒരു ഫസ്റ്റ് ടച്ചിലൂടെ താരം ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഒരു ഒറ്റാവിയോക്ക് ഒരു തകര്‍പ്പന്‍ അസിസ്റ്റ് നല്‍കാനും റോണോക്ക് സാധിച്ചു.

അല്‍ റിയാദിന്റെ ഹോം ഗ്രൗണ്ട് ആയ അല്‍ അവാല്‍ പാര്‍ക്ക് തേടിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 4-2-3 -1 എന്ന ഫോര്‍മേഷനിലാണ് കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയില്‍ സൂപ്പര്‍താരം റൊണാള്‍ഡോയുടെ ഗോളും അസിസ്റ്റും വന്നതോടെ അല്‍ നസര്‍ ആദ്യപകുതിയില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ ബ്രസീലിയന്‍ താരം ടാലിസ്‌കയുടെ ഇരട്ട ഗോള്‍ കൂടി പിറന്നതോടെ അല്‍ നസര്‍ മത്സരം പൂര്‍ണമായും പിടിച്ചെടുക്കുകയായിരുന്നു. 67ാം മിനിട്ടിലും ഇഞ്ചുറി ടൈമിലുമായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ ഗോളുകള്‍ പിറന്നത്.

അതേസമയം 68ാം മിനിട്ടില്‍ ആണ്ട്രു ഗ്രയുടെ വകയായിരുന്നു അല്‍ റിയാദിന്റെ ആശ്വാസഗോള്‍. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ അല്‍ നസര്‍ 4-1ന്റെ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ സൗദി പ്രോ ലീഗില്‍ 16 മത്സരങ്ങളില്‍ നിന്നും 12 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 37 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റോണോയും കൂട്ടരും. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി ഏഴ് പോയിന്റിന്റെ വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

കിങ് കപ്പില്‍ ഡിസംബര്‍ 11ന് അല്‍ ഷബാബിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlight: AL Nassr won Crstiano Ronaldo great performance.