| Wednesday, 8th November 2023, 9:44 am

റോണോ ഇല്ലെങ്കിലും അല്‍ നസര്‍ കുലുങ്ങില്ല; ബ്രസീലുകാരന്റെ ഹാട്രിക്കില്‍ അല്‍ നസറിന് മിന്നും ജയം

സ്പോര്‍ട്സ് ഡെസ്‌ക്

എ.എഫ്.സി ചാമ്പ്യന്‍സ് ലീഗില്‍ അല്‍ ദുഹൈലിനെതിരെ അല്‍ നസറിന് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ആവേശകരമായ വിജയം. അല്‍ നസറിനായി ബ്രസീലിയന്‍ താരം ടാലിസ്‌ക ഹാട്രിക് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയായിരുന്നു അല്‍ നസര്‍ കളത്തിലിറങ്ങിയത്. റൊണാള്‍ഡോക്ക് കഴിഞ്ഞ മത്സരത്തിന് ശേഷം കോച്ച് ലൂയിസ് കാസ്‌ട്രോ വിശ്രമം അനുവദിച്ചിരുന്നു. എന്നാല്‍ റൊണാള്‍ഡോ ഇല്ലാത്തതിന്റെ ഒരു കുറവും ടീമിന്റെ പ്രകടനങ്ങളെ ബാധിച്ചില്ല.

സൗദി ലീഗില്‍ ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 15 ഗോളുകളും ഒന്‍പത് അസിസ്റ്റുകളും നേടി മികച്ച ഫോമിലുള്ള റോണോക്ക് ക്ലബ്ബ് വിശ്രമം അനുവദിക്കുകയായിരുന്നു.

അല്‍ ദുഹൈലിന്റെ ഹോം ഗ്രൗണ്ടായ ഖലീഫ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന
മത്സരത്തില്‍ ഇരുടീമിലെയും രണ്ട് ബ്രസീലിയന്‍ താരങ്ങള്‍ ഗോളുകള്‍ നേടികൊണ്ട് മത്സരിക്കുകയായിരുന്നു.

മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ ഫിലിപ്പെ കുട്ടീഞ്ഞോയിലൂടെ അല്‍ ദുഹൈല്‍ ആണ് ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 27ാം മിനിട്ടില്‍ ടാലിസ്‌കയിലൂടെ അല്‍ നസര്‍ മറുപടി ഗോള്‍ നേടുകയായിരുന്നു. 37ാം മിനിട്ടില്‍ ടാലിസ്‌ക വീണ്ടും ഗോള്‍ നേടികൊണ്ട് ആദ്യപകുതി പിന്നിട്ടപ്പോള്‍ 2-1ന് അല്‍ നസര്‍ മുന്നിട്ട് നിന്നു.

രണ്ടാം പകുതിയില്‍ 65ാം മിനിട്ടില്‍ ടാലിസ്‌ക ഹാട്രിക് ഗോള്‍ നേടി. എന്നാല്‍ 80ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് കുട്ടീഞ്ഞോ അല്‍ ദുഹൈലിന് വീണ്ടും ലീഡ് നേടി.

സമനില ഗോളിനായി അല്‍ദുഹൈൽ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും അല്‍ നസര്‍ പ്രതിരോധം ഉറച്ചുനില്‍ക്കുകയായിരുന്നു. ഇഞ്ചുറി ടൈമില്‍ അല്‍ ദുഹൈല്‍ താരം ഖാലെദ് മുഹമ്മദ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ മത്സരം പൂര്‍ണമായും അല്‍ നസര്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ഗ്രൂപ്പ് ഇയില്‍ നാല് മത്സരങ്ങളില്‍ നിന്നും നാല് വിജയവുമായി 12 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍.

സൗദി ലീഗില്‍ നവംബര്‍ 11ന് അല്‍ വെഹദയുമായാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlight: AL Nassr won against AL Duhail fc in AFC Asian cup.

We use cookies to give you the best possible experience. Learn more