അല്‍ നസറില്‍ ആദ്യ കിരീടം ചൂടി ക്രിസറ്റിയാനോ റൊണാള്‍ഡോ. കഴിഞ്ഞ ദിവസം കിങ് ഫഹദ് സ്റ്റേഡിയത്തില്‍ നടന്ന അറബ് ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പ് കപ്പിന്റെ ഫൈനലില്‍ ഒന്നിനെതിരെ രണ്ട് ഗോളിന് ചിരവൈരികളായ അല്‍ ഹിലാലിനെ തോല്‍പിച്ചാണ് റൊണാള്‍ഡോയും അല്‍ അലാമിയും കപ്പുയര്‍ത്തിയിരിക്കുന്നത്. കളിയില്‍ പകുതിയോളം സമയം രണ്ട് പേര്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത് പോയിട്ടും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്നാണ് അല്‍ നസര്‍ കപ്പുയര്‍ത്തിയത്.
കരീടനേട്ടത്തിനായി പൊരുതിക്കളിച്ച ഇരു ടീമും കൊണ്ടും കൊടുത്തും മുന്നേറി. ആദ്യ പകുതി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി ഇത്രത്തോളം ആവേശം നിറഞ്ഞതായിരിക്കുമെന്ന് ആരും കരുതിക്കാണില്ല.
മത്സരത്തിന്റെ 51ാം മിനിട്ടില്‍ ഹോം ഗ്രൗണ്ടിനെ ആവേശത്തിലാഴ്ത്തി അല്‍ ഹിലാലിന്റെ 96ാം നമ്പര്‍ താരം മൈക്കലിലൂടെ അല്‍ ഹിലാല്‍ ലീഡ് നേടി. മാല്‍ക്കമിന്റെ അസിസ്റ്റിലൂടെയായിരുന്നു ബ്രസീലിയന്‍ താരത്തിന്റെ സൂപ്പര്‍ ഗോള്‍ പിറന്നത്.
ലീഡ് വഴങ്ങിയ അല്‍ നസറിന് ഇരട്ടി പ്രതിരോധമെന്ന പോലെ മത്സരത്തിന്റെ 71ാം മിനിട്ടില്‍ അല്‍ അമ്‌രി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയി. പത്ത് പേരായി ചുരുങ്ങിയെങ്കിലും അല്‍ നസര്‍ പോരാടാനുറച്ച് തന്നെയായിരുന്നു. ആ നിശ്ചയദാര്‍ഢ്യം വൈകാതെ ഫലം കണ്ടു. 74ാം മിനിട്ടില്‍ അല്‍ നസറിന്റെ ഈക്വലൈസര്‍ ഗോള്‍.
സുല്‍ത്താന്‍ അല്‍ ഘാനത്തിന്റെ അസിസ്റ്റിലൂടെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ ഹിലാലിന്റെ ഗോള്‍ വല കുലുക്കി. സ്‌കോര്‍ 1-1.
എന്നാല്‍ ആദ്യ ഗോള്‍ വീണ് നാലാം മിനിട്ടില്‍ അല്‍ നസറിന് വീണ്ടും തിരിച്ചടിയേറ്റു. അല്‍ നസര്‍ നവാഫ് ബൗഷല്‍ റെഡ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ റൊണാള്‍ഡോയും സംഘവും ഒമ്പത് പേരായി ചുരുങ്ങി.
അല്‍ നസറിന്റെ ഈ തകര്‍ച്ചയെ മുതലെടുക്കാന്‍ അല്‍ ഹിലാല്‍ ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഒടുവില്‍ നിശ്ചിത സമയത്ത് ഇരുടീമും 1-1ന് സമനില പാലിച്ചതിനാല്‍ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമിന്റെ എട്ടാം മിനിട്ടില്‍ റൊണാള്‍ഡോയിലൂടെ അല്‍ നസര്‍ മുമ്പിലെത്തി. ശേഷിക്കുന്ന സമയത്ത് ഗോള്‍ വഴങ്ങാതിരിക്കാന്‍ അല്‍ നസര്‍ കിണഞ്ഞുശ്രമിച്ചതോടെ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഒരു ഗോളിന്റെ ലീഡില്‍ അല്‍ നസര്‍ കപ്പുയര്‍ത്തി.
2021 ജനുവരിക്ക് ശേഷം അല്‍ ഹിലാലിനോട് ആദ്യമായാണ് അല്‍ നസര്‍ വിജയിക്കുന്നത്. അത് മറ്റൊരു കലാശപ്പോരാട്ടത്തിലായതിനാല്‍ ആരാധകര്‍ ഇരട്ടി ഹാപ്പിയാണ്.
കഴിഞ്ഞ മത്സരങ്ങളിലേതെന്നപോലെ റൊണാള്‍ഡോ വീണ്ടും അല്‍ നസറിന്റെ രക്ഷകനായപ്പോള്‍ അറബ് മണ്ണിലെ ആദ്യ കിരീടമാണ് ഫൈവ് ടൈം ബാലണ്‍ ഡി ഓര്‍ വിന്നറെ തേടിയെത്തിയത്. ഒപ്പം ഗോള്‍ഡന്‍ ബൂട്ടും.
നേരത്തെ ചില മത്സരങ്ങളില്‍ അല്‍ നസറിന് പരാജയപ്പെടേണ്ടി വന്നപ്പോള്‍ എല്ലാ പഴിയും കേള്‍ക്കേണ്ടി വന്നത് റൊണാള്‍ഡോക്കായിരുന്നു. താരമെത്തിയതോടെ ടീം നശിച്ചു എന്ന് പറഞ്ഞവര്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര്‍ക്കുള്ള മധുരമേറിയ മറുപടി കൂടിയായിരുന്നു റൊണാള്‍ഡോയുടെ ഈ കിരീടനേട്ടം.
വിജയത്തിന് പിന്നാലെ അല്‍ നസറിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രങ്ങള്‍ നിറയുകയാണ്. ’42 ദിവസത്തിന് ശേഷം ഞങ്ങള്‍ മടങ്ങിയെത്തിയിരിക്കുന്നു. വെറും കയ്യോടെയല്ല ഈ മടങ്ങി വരവ്’ എന്നാണ് ഒരു പോസ്റ്റിന് അവര്‍ നല്‍കിയ ക്യാപ്ഷന്‍.
ആഘോഷങ്ങളില്‍ മതി മറക്കാന്‍ അല്‍ നസറിന് അധിക നേരമില്ല. കാരണം ഓഗസ്റ്റ് 14ന് സൗദി പ്രോ ലീഗിന്റെ പുതിയ സീസണില്‍ അല്‍ ഇത്തിഫാഖിനെതിരായ മത്സരമാണ് ഇനി റൊണാള്‍ഡോക്കും സംഘത്തിനും മുമ്പിലുള്ളത്. സീസണില്‍ ടീമിന്റെ ആദ്യ മത്സരമാണിത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് സ്റ്റേഡിയമാണ് വേദി.
Content highlight: Al Nassr wins Arab Club Championship Cup