റൊണാള്‍ഡോ വീണ്ടും അവതരിച്ചു; അല്‍ നസര്‍ വിജയകുതിപ്പ് തുടരുന്നു
Football
റൊണാള്‍ഡോ വീണ്ടും അവതരിച്ചു; അല്‍ നസര്‍ വിജയകുതിപ്പ് തുടരുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 23rd December 2023, 8:47 am

സൗദി പ്രോ ലീഗില്‍ അല്‍ നസറിന് തകര്‍പ്പന്‍ ജയം. അല്‍ ഇത്തിഫാക്കിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ തകര്‍ത്തുവിട്ടത്. മത്സരത്തില്‍ സൂപ്പര്‍ താരം റൊണാള്‍ഡോ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഈ മത്സരത്തിലും റോണോ തന്റെ ഗോളടിമികവ് തുടരുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ടാണ് റോണോ ഗോള്‍ നേടിയത്. ഇതോടെ അല്‍ നസറിനായി 21 മത്സരങ്ങളില്‍ നിന്നും 21 ഗോളുകളും പത്ത് അസിസ്റ്റുകളുമാണ് റൊണാള്‍ഡോ ഈ സീസണില്‍ അടിച്ചു കൂട്ടിയത്. ക്ലബ്ബിലും രാജ്യത്തിനുമായി 51 ഗോളുകളും 15 അസിസ്റ്റുകളുമാണ് ഈ 38കാരന്റെ പേരിലുള്ളത്.

അല്‍ നസറിന്റെ തട്ടകമായ അല്‍ അവാല്‍ പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-2-3-1 എന്ന ഫോര്‍മേഷനില്‍ ആണ് ലൂയിസ് കാസ്‌ട്രോയും കൂട്ടരും കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 4-1-4-1 എന്ന ശൈലിയും ആയിരുന്നു അല്‍ ഇത്തിഫാക്ക് പിന്തുടര്‍ന്നത്.

മത്സരത്തിന്റെ 43ാം മിനിട്ടില്‍ അലക്‌സ് ടെല്ലസിലൂടെയാണ് അല്‍ നസര്‍ ആദ്യ ഗോള്‍ നേടിയത്. 59ാം മിനിട്ടില്‍ മാഴ്‌സലോ ബ്രോസോവിക്കിലൂടെ രണ്ടാം ഗോളും 73ാം മിനിട്ടില്‍ റൊണാള്‍ഡോയും ഗോള്‍ നേടിയതോടെ മത്സരം പൂര്‍ണമായും അല്‍ നസര്‍ സ്വന്തമാക്കുകയായിരുന്നു. 85 മിനിട്ടില്‍ മുഹമ്മദ് അല്‍ കുവായ് കിബിയുടെ വകയായിരുന്നു സന്ദര്‍ശകരുടെ ആശ്വാസഗോള്‍.

ജയത്തോടെ സൗദി പ്രോ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്നും 13 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 40 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും സംഘവും. ഒന്നാം സ്ഥാനത്തുള്ള അല്‍ ഹിലാലുമായി പത്ത് പോയിന്റ് വ്യത്യാസമാണ് അല്‍ നസറിനുള്ളത്.

സൗദി ലീഗില്‍ ഡിസംബര്‍ 26ന് അല്‍ ഇത്തിഹാദിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം. ഇത്തിഹാദിന്റെ ഹോം ഗ്രൗണ്ടായ പ്രിന്‍സ് അബ്ദുള്ള അല്‍ ഫൈസല്‍ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Al Nassr win with Cristaino Ronaldo great performance.