| Sunday, 1st January 2023, 4:07 pm

റൊണാള്‍ഡോക്ക് പിന്നാലെ അര്‍ജന്റൈന്‍ താരത്തെ ടീമിലെത്തിക്കാനൊരുങ്ങി അല്‍ നസര്‍; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്‍ നസറില്‍ സൈനിങ് നടത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടതിന് ശേഷം ഫ്രീ ഏജന്റായ റൊണാള്‍ഡോ രണ്ട് വര്‍ഷത്തെ കരാറിലാണ് അല്‍ നസറിലേക്ക് ചേക്കേറിയത്.

യൂറോപ്യന്‍ ക്ലബ്ബുകളില്‍ മാത്രം കളിച്ച് പരിചയിച്ച താരം ആദ്യമായാണ് ഒരു ഏഷ്യന്‍ ക്ലബ്ബിന് വേണ്ടി ബൂട്ട്‌കെട്ടുന്നത്.

റൊണാള്‍ഡോക്ക് പിന്നാലെ അല്‍ നസര്‍ അര്‍ജന്റീന സ്ട്രൈക്കറായ മൗറോ ഇകാര്‍ഡിയെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ തുര്‍ക്കിഷ് ക്ലബായ ഗലാറ്റാസരേയില്‍ കളിക്കുന്ന ഇകാര്‍ഡി ജനുവരിയില്‍ ക്ലബ് വിടുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. അര്‍ജന്റീന ലീഗിലെ ക്ലബായ നെവെല്‍സ് ഓള്‍ഡ് ബോയ്സിലേക്കാണ് ഇകാര്‍ഡി ചേക്കേറാന്‍ തയ്യാറെടുക്കുന്നത്.

എന്നാല്‍ നെവെല്‍സ് ഓള്‍ഡ് ബോയ്സിലേക്ക് ചേക്കേറാനുള്ള ഇകാര്‍ഡിയുടെ നീക്കം തടഞ്ഞ് താരത്തിനു മികച്ച ഓഫര്‍ നല്‍കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യന്‍ ക്ലബ്.

മെഡിക്കല്‍ ഒഴികെയുള്ള മറ്റെല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായിരിക്കെയാണ് അല്‍ നസര്‍ താരവുമായുള്ള സൈനിങ് റദ്ദാക്കിയത്. റിപ്പോര്‍ട്ട് പുറത്തുവിട്ട അല്‍ നസര്‍ ചീഫ് അഹ്മദ് അല്‍ ഖൂറി പിന്മാറ്റത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയില്ല.

നിലവില്‍ കാമറൂണിന്റെ ബ്ലാക്ക് സ്റ്റാലിയണ്‍ വിന്‍സെന്റ് അബൂബക്കര്‍, ഐവറി കോസ്റ്റ് ഇന്റര്‍നാഷണല്‍ ഗിസ്ലൈന്‍ കോനന്‍, സ്പെയ്ന്‍ താരം ആല്‍വരോ ഗോണ്‍സാല്‍വസ് തുടങ്ങിയവരും അല്‍ നസറില്‍ കളിക്കുന്നുണ്ട്.

അതേസമയം, അല്‍ നസറിലെത്തി തന്റെ ആദ്യ പ്രതികരണമറിയിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വളരെയധികം എക്സൈറ്റഡ് ആണെന്നും പുതിയ രാജ്യത്ത്, പുതിയ ലീഗിലെ വിശേഷങ്ങള്‍ അനുഭവിച്ചറിയാനുള്ള ആകാംക്ഷയിലാണെന്നും താരം പറഞ്ഞു.

”വ്യത്യസ്തമായൊരു രാജ്യത്ത്, വ്യത്യസ്ത ലീഗില്‍ കളിക്കുമ്പോഴുള്ള പുതിയ എക്സ്പിരിയന്‍സിനായി ഞാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പുതിയ ടീം അംഗങ്ങള്‍ക്കൊപ്പം ജോയിന്‍ ചെയ്ത് ടീമിനെ കൂടുതല്‍ വിജയത്തിലേക്ക് നയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്,’ റൊണാള്‍ഡോ പറഞ്ഞു.

പോര്‍ച്ചുഗലിലെ സ്‌പോര്‍ട്ടിങ് സി.പിയില്‍ കളിച്ചുതുടങ്ങിയ റൊണാള്‍ഡോ 2003 മാഞ്ചസ്റ്ററിലേക്ക് കളിത്തട്ടകം മാറ്റുകയായിരുന്നു. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന ലെജന്‍ഡിന് കീഴില്‍ റൊണാള്‍ഡോ വിശ്വം ജയിക്കാനായി സ്വയം പാകപ്പെടുത്തിയെടുക്കുകയായിരുന്നു.

ശേഷം സ്‌പെയ്‌നിലേക്ക് കാലെടുത്തുവെച്ച താരം റയല്‍ മാഡ്രിഡിനെ പലകുറി ചാമ്പ്യന്‍മാരാക്കി. തുടര്‍ന്ന് ഇറ്റലിയില്‍ യുവന്റസിനൊപ്പവും താരം ജൈത്രയാത്ര തുടര്‍ന്നു.

യൂറോപ്പില്‍ സകലതും നേടിക്കഴിഞ്ഞ ശേഷമാണ് റൊണാള്‍ഡോ ഏഷ്യന്‍ ഫുട്‌ബോളിലേക്ക് കാലെടുത്ത് വെക്കുന്നത്. താരത്തിന്റെ വരവ് അല്‍ നസറിന് മാത്രമല്ല, ഏഷ്യന്‍ ഫുട്‌ബോളിന് തന്നെ നല്‍കുന്ന ഡ്രൈവിങ് ഫോഴ്‌സ് വളരെ വലുതായിരിക്കും.

പ്രതിവര്‍ഷം 200 മില്യണ്‍ യൂറോ പ്രതിഫലം ലഭിക്കുന്ന ഓഫറാണ് താരത്തിന് അല്‍ നസര്‍ നല്‍കിയിരിക്കുന്നത്. കളിക്കാരനെന്ന നിലയില്‍ കരാര്‍ അവസാനിച്ചാല്‍ ടീമിന്റെ പരിശീലകനാവാനും റൊണാള്‍ഡോക്ക് കഴിയും.

ഇതിന് പുറമെ സൗദി അറേബ്യയുടെ അംബാസിഡറായി റൊണാള്‍ഡോയെ നിയമിക്കാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈജിപ്ത്, ഗ്രീസ് എന്നീ രാജ്യങ്ങളുടെ ഒപ്പം ചേര്‍ന്ന് 2030 ലോകകപ്പ് നടത്താന്‍ സൗദി ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് താരത്തെ അംബാസിഡറാക്കാന്‍ ശ്രമിക്കുന്നത്.

സൗദി ക്ലബുമായി കരാറിലെത്തിയതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ താരമായി റൊണാള്‍ഡോ മാറിയിരിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം വര്‍ഷത്തില്‍ എണ്‍പത് മില്യണ്‍ യൂറോയോളമാണ് താരത്തിനായി അല്‍ നസര്‍ പ്രതിഫലമായി മാത്രം നല്‍കുക.

Content Hihjlights: Al Nassr will sign with Argentine player Mauro Icardi

We use cookies to give you the best possible experience. Learn more