പി.എസ്.ജി സൂപ്പര്‍താരത്തിന് അല്‍ നസറിലേക്ക് ക്ഷണം; റിപ്പോര്‍ട്ട്
Football
പി.എസ്.ജി സൂപ്പര്‍താരത്തിന് അല്‍ നസറിലേക്ക് ക്ഷണം; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th February 2023, 8:20 pm

ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ് താരം സെര്‍ജിയോ റാമോസിനെ സൈന്‍ ചെയ്യിക്കാനൊരുങ്ങി അല്‍ നസര്‍. റയല്‍ മാഡ്രിഡില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹതാരമായിരുന്ന റാമോസിനെ ക്ലബ്ബിലെത്തിക്കാന്‍ അല്‍ നസര്‍ പദ്ധതിയിടുന്നതായി മാര്‍ക്കയാണ് റിപ്പോര്‍ട്ട് ചെയ്തത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം തങ്ങളുടെ ഫുട്‌ബോള്‍ പ്രൊഫൈല്‍ മെച്ചപ്പെടുത്താനാണ് സൗദി ഇങ്ങനെയൊരു തീരുമാനമെടുത്തത്. റൊണാള്‍ഡോയുടെ പ്രവേശനത്തോടെ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ച സൗദി പ്രോ ലീഗ് കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ ലീഗിലെത്തിക്കാന്‍ ശ്രമിക്കുകയാണ്.

റാമോസിന് പുറമെ ലൂക്ക മോഡ്രിച്ചിനെയും ക്ലബ്ബിലെത്തിക്കാന്‍ അല്‍ നസര്‍ ശ്രമം നടത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ സീസണില്‍ പി.എസ്.ജിയുമായുള്ള റാമോസിന്റെ കരാര്‍ അവസാനിക്കാനിരിക്കെയാണ് താരത്തെ റാഞ്ചിക്കൊണ്ടു പോകാന്‍ സൗദി അറേബ്യന്‍ ക്ലബ്ബ് രംഗത്തെത്തിയത്. പി.എസ്.ജിയില്‍ കോച്ച് ക്രിസ്റ്റഫ് ഗാള്‍ട്ടിയര്‍ വന്‍ അഴിച്ചുപണി നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

വരുന്ന സമ്മര്‍ സീസണില്‍ റാമോസ് പി.എസ്.ജി വിടാന്‍ സാധ്യതയുണ്ടെന്നും റൊണാള്‍ഡോക്ക് പുറകെ സൗദി അറേബ്യയിലേക്ക് ചേക്കേറാനാണ് താരം പദ്ധതിയിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അഞ്ച് തവണ ബാലണ്‍ ഡി ഓര്‍ ജേതാവും ക്ലബ്ബ് ഫുട്‌ബോളില്‍ നിരവധി ടൈറ്റിലുകളും സ്വന്തമാക്കിയ താരം കഴിഞ്ഞ ജനുവരിയിലാണ് സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറുമായി സൈനിങ് നടത്തിയത്.

അല്‍ നസറിലെത്തിയതിന് ശേഷം റോണോ കളിച്ച രണ്ട് മത്സരങ്ങളില്‍ താരത്തിന് ഗോളൊന്നും നേടാനായിരുന്നില്ല. സൗദി സൂപ്പര്‍ കപ്പില്‍ നടന്ന മത്സരത്തില്‍ അല്‍ നസര്‍ തോല്‍വി വഴങ്ങുകയും തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവുകയും ചെയ്തിരുന്നു.

തുടര്‍ന്ന് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് റോണോയെ തേടിയെത്തിയിരുന്നത്. അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയും താരത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എന്നാല്‍ അല്‍ വെഹ്ദക്കെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റൊണാള്‍ഡോയെ പുകഴ്ത്തി പലരും രംഗത്തെത്തിയിട്ടുണ്ട്. അല്‍ നസര്‍ കോച്ച് തന്നെയാണ് അതില്‍ പ്രധാനി.

റൊണാള്‍ഡോ മികച്ച ഘട്ടത്തിലെത്തിയിരിക്കുകയാണെന്നും കളിയില്‍ സഹതാരങ്ങള്‍ക്കൊപ്പം താളം പിടിക്കാനും ഒത്തൊരുമയോടെ കളിക്കാനും അദ്ദേഹത്തിനായിട്ടുണ്ടെന്നും ഗാര്‍ഷ്യ പറഞ്ഞു.

Content Highlights: Al Nassr wants to sign with Sergio Ramos