അല്‍ നസറിലേക്ക് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ ക്ലബ്ബിലേക്കെത്തിക്കുകയാണ് സൗദി അറേബ്യ. താരത്തിന്റെ പ്രവേശനത്തോടെ സൗദി ലീഗിലുണ്ടായ പുരോഗതി തന്നെയാണ് ഇതിന് കാരണം.
റൊണാള്‍ഡോക്ക് പിന്നാലെ അല്‍ നസറിന്റെ ചിരവൈരികളും സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനക്കാരുമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമയെയും എന്‍ഗോളോ കാന്റെയെയും സ്വന്തമാക്കിയിരിക്കുകയാണ്.
റയല്‍ ബെറ്റിസിലെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറും പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ തന്റെ സഹതാരവുമായ വില്യം കാര്‍വാലോയെ അല്‍ നസറിലെത്തിക്കാന്‍ റൊണാള്‍ഡോ ക്ലബ്ബിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അല്‍ നസര്‍ കാര്‍വാലോയുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും താരത്തെ ക്ലബ്ബിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേസമയം, സൗദി പ്രോ ലീഗിന്റെ നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മോഹവില നല്‍കി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 200 മില്യണ്‍ യൂറോയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറുമായി സൈനിങ് നടത്തിയത്.
സൗദി പ്രോ ലീഗില്‍ ഈ സീസണില്‍ കളിച്ച 30 മത്സരങ്ങളില്‍ നിന്ന് 20 ജയവും മൂന്ന് തോല്‍വിയുമായി 67 പോയിന്റോടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. അത്ര തന്നെ മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇത്തിഹാദ് ആണ് ടൂര്‍ണമെന്റ് പേരിലാക്കിത്. 59ഉം 56ഉം പോയിന്റോടെ അല്‍ ഹിലാലും അല്‍ ഷബാബും ക്ലബ്ബുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.