സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിന്റെ പുതിയ പരിശീലകനായി സൂപ്പര്‍ കോച്ച് സിനദിന്‍ സിദാനെ സൈന്‍ ചെയ്യിക്കാന്‍ പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയെ കഴിഞ്ഞ ദിവസം ക്ലബ്ബില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് തീരുമാനം.
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ റയല്‍ മാഡ്രിഡില്‍ പരിശീലിപ്പിച്ച സിദാന് താരത്തോടൊപ്പം അല്‍ നസറില്‍ ബന്ധം പുനഃസ്ഥാപിക്കാനാകുമെന്നും താരങ്ങള്‍ക്ക് മികച്ച പരിശീലനം നല്‍കി ക്ലബ്ബിനെ ചാമ്പ്യന്‍ഷിപ്പിലേക്ക് നയിക്കാനാകുമെന്നുമാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ.
സിദാന്റെ പരിശീലനത്തിന് കീഴില്‍ റൊണാള്‍ഡോക്ക് മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടമുയര്‍ത്താന്‍ സാധിച്ചിരുന്നു. 114 മത്സരങ്ങളില്‍ നിന്ന് 112 ഗോളും 30 അസിസ്റ്റുകളുമാണ് ഫ്രഞ്ച് ഇതിഹാസത്തിന്റെ സഹായത്തോടെ റൊണാള്‍ഡോ അക്കൗണ്ടിലാക്കിയത്. 2021ല്‍ റയല്‍ മാഡ്രിഡ് വിട്ട സിദാന്‍ പിന്നീട് പരിശീലന തൊഴിലില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
ഫ്രാന്‍സ് ദേശീയ ടീമിന്റെ കോച്ചായി ചുമതലയേല്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നെങ്കിലും ദിദിയര്‍ ദെഷാംപ്‌സ് ടീമില്‍ തന്റെ കരാര്‍ പുതുക്കുകയായിരുന്നു. തുടര്‍ന്ന് പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെയോ ചെല്‍സിയുടെയോ പരിശീലകനായി സിദാന്‍ സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട് പ്രചരിച്ചിരുന്നെങ്കിലും നിലവില്‍ അദ്ദേഹം ഒരു ക്ലബ്ബിന്റെയും ഭാഗമല്ല.
സൗദി അറേബ്യന്‍ ക്ലബ്ബിന്റെ പരിശീലകനാകുമെന്ന വിഷയത്തില്‍ സിദാന്‍ പ്രതികരണമൊന്നും അറിയിച്ചിട്ടില്ല. സിദാന് പുറമെ എ.എസ് റോമ കോച്ച് ഹോസെ മൊറീഞ്ഞോയെയും പുതിയ പരിശീലക സ്ഥാനത്തേക്ക് അല്‍ നസര്‍ ഷോര്‍ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ സംതൃപ്തനല്ലെന്ന കാരണത്താലാണ് അല്‍ നസര്‍ അദ്ദേഹത്തെ പുറത്താക്കിയത്. സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം.
മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഗാര്‍ഷ്യ താരങ്ങളോട് അതിരുവിട്ട് സംസാരിച്ചിരുന്നെന്നും അത് റോണോയെ ചൊടിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ റൊണാള്‍ഡോ അതൃപ്തി അറിയിച്ചതിന് പിന്നാലെ കോച്ചിനെ പുറത്താക്കാന്‍ അല്‍ നസര്‍ തീരുമാനിക്കുകയായിരുന്നു. സ്പാനിഷ് സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അല്‍ ഫെയ്ഹക്കെതിരായ സമനിലക്ക് പിന്നാലെ അല്‍ നസറിന്റെ പ്രകടനത്തില്‍ അതൃപ്തിയറിയിച്ച് ഗാര്‍ഷ്യ രംഗത്തെത്തിയിരുന്നു. മത്സരഫലം തീര്‍ത്തും മോശമായിരുന്നെന്നും താരങ്ങളുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ മത്സരത്തിലേത് പോലെ കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരത് ചെയ്തില്ലെന്നും ഗാര്‍ഷ്യ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷമാണ് ഗാര്‍ഷ്യ അല്‍ നസറിന്റെ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ, ഫ്രഞ്ച് ക്ലബുകളായ ലിയോണ്‍, മാഴ്‌സെ തുങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ളയാളാണ് ഗാര്‍ഷ്യ.
പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഇതിഹാദിനെക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് അല്‍ നസറിനുള്ളത്. 23 മത്സരത്തില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 53 പോയിന്റാണ് അല്‍ നസറിനുള്ളത്.