ക്രിസ്റ്റ്യാനോയില്‍ നിന്ന് പ്രചോദനം; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അല്‍ നസറിലേക്ക്; റിപ്പോര്‍ട്ട്
Football
ക്രിസ്റ്റ്യാനോയില്‍ നിന്ന് പ്രചോദനം; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം അല്‍ നസറിലേക്ക്; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th May 2023, 9:47 am

കഴിഞ്ഞ ജനുവരിയിലാണ് വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറിലേക്ക് ചേക്കേറുന്നത്. യൂറോപ്യന്‍ ക്ലബ്ബുകളിലെ തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് താരം സൗദി പ്രോ ലീഗില്‍ കാഴ്ചവെക്കുന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ മുന്‍ താരം എഡിന്‍സണ്‍ കവാനി റോണോക്ക് പിന്നാലെ അല്‍ നസറുമായി സൈനിങ് നടത്താനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2020ലാണ് കവാനി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജി യുണൈറ്റഡ് വിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേര്‍ന്നത്. തുടര്‍ന്ന് യുണൈറ്റഡിനായി കളിച്ച 59 മത്സരങ്ങളില്‍ നിന്ന് 19 തവണയാണ് കവാനി സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഓള്‍ഡ് ട്രാഫോഡില്‍ 14 തവണ കവാനി റോണോക്കൊപ്പം ബൂട്ടുകെട്ടിയിട്ടുണ്ട്.

നിലവില്‍ വലെന്‍സിയക്ക് വേണ്ടിയാണ് താരം ബൂട്ടുകെട്ടുന്നത്. ക്ലബ്ബുമായുള്ള രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കെ താരത്തെ സൈന്‍ ചെയ്യിക്കാന്‍ അല്‍ നസര്‍ രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്. വലെന്‍സിയക്കായി കളിച്ച 25 മത്സരങ്ങളില്‍ നിന്ന് ഏഴ് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

അല്‍ നസറിന് പുറമെ അര്‍ജന്റൈന്‍ ക്ലബ്ബായ ബോക്ക ജൂനിയേഴ്‌സും സൗദിയിലെ തന്നെ മറ്റൊരു ക്ലബ്ബും താരത്തെ നോട്ടമിട്ട് രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുവരെ കളിച്ച 33 മത്സരങ്ങളില്‍ നിന്ന് 34 പോയിന്റുമായി ലീഗ് പട്ടികയില്‍ 17ാം സ്ഥാനത്താണ് വലെന്‍സിയ.

അതേസമയം,ശനിയാഴ്ച സൗദി പ്രോ ലീഗില്‍ അല്‍ റഅ്ദക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം. മത്സരത്തില്‍ റൊണാള്‍ഡോയാണ് ഓപ്പണിങ് നടത്തിയത്. കളിയുടെ നാലാം മിനിട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെയാണ് റോണോ ഗോള്‍ വലയിലെത്തിച്ചത്.

ഇതിന് മുമ്പ് നടന്ന മൂന്ന് മത്സരങ്ങളില്‍ അല്‍ നസര്‍ തുടര്‍ച്ചയായ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ അല്‍ റഅ്ദക്കെതിരായ മത്സരത്തില്‍ അല്‍ ആലാമിക്കെതിരെ ആദ്യ ഗോള്‍ നേടി ക്ലബ്ബിന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചതോടെ താരത്തെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുകയായിരുന്നു.

സൗദി പ്രോ ലീഗില്‍ ഇതുവരെ കളിച്ച 25 മത്സരങ്ങളില്‍ നിന്ന് 17 ജയവും 56 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. മൂന്ന് പോയിന്റ് വ്യത്യാസത്തില്‍ അല്‍ ഇതിഹാദ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. മെയ് എട്ടിന് അല്‍ ഖലീജിനെതിരെയാണ് അല്‍ നസറിന്റെ അടുത്ത മത്സരം.

Content Highlights: Al Nassr wants to sign with Edinson Cavani