പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് മറ്റൊരു താരം കൂടി അല്‍ നസറിലേക്ക്. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ അലെക്‌സ് ക്രൂക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ലെഫ്റ്റ് ബാക്ക് ആയ അലെക്‌സ് ടെല്ലസ് ആണ് അല്‍ നസറിലേക്ക് പോകാനൊരുങ്ങുന്നത്. 10 മില്യണ്‍ പൗണ്ടിന്റെ തുച്ഛ വേതനത്തിനാണ് താരത്തെ അല്‍ നസര്‍ സൈന്‍ ചെയ്യുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020ലാണ് ടെല്ലസിനെ 13.6 മില്യണ്‍ പൗണ്ടിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൈന്‍ ചെയ്തത്. പ്രീമിയര്‍ ലീഗില്‍ മികവ് പുലര്‍ത്താന്‍ സാധിക്കാതിരുന്നതിനാല്‍ താരത്തെ വില്‍ക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പദ്ധതിയിട്ടതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇതുവരെ 42 മത്സരത്തിലാണ് ആദ്യ ഇലവനില്‍ താരത്തിന് ഇറങ്ങാന്‍ സാധിച്ചത്. എട്ട് തവണ സബ്സ്റ്റിറ്റിയൂട്ടായും കളിച്ചു. റെഡ് ഡെവിള്‍സിനായി ഒരു ഗോളും എട്ട് അസിസ്റ്റുകളുമാണ് ടെല്ലസ് നേടിയത്.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ഫാബ്രിസിയോ റൊമാനോയുടെ റിപ്പോര്‍ട്ട് പ്രകാരം ഇരു ക്ലബ്ബുകളും തമ്മില്‍ വാക്കാലുള്ള ധാരണയിലെത്തിയിട്ടുണ്ട്. ട്രാന്‍സ്ഫര്‍ ഫീസിന്റെ കാര്യത്തില്‍ ധാരണയിലെത്താന്‍ കഴിഞ്ഞാല്‍ ടെല്ലസിനെ വില്‍ക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അല്‍ നസറിലേക്ക് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചേക്കേറിയതിന് പിന്നാലെ കൂടുതല്‍ യൂറോപ്യന്‍ താരങ്ങളെ തങ്ങളുടെ ക്ലബ്ബിലേക്കെത്തിക്കുകയാണ് സൗദി അറേബ്യ. താരത്തിന്റെ പ്രവേശനത്തോടെ സൗദി ലീഗിലുണ്ടായ പുരോഗതി തന്നെയാണ്ഇതിന് കാരണം.
റൊണാള്‍ഡോക്ക് പിന്നാലെ അല്‍ നസറിന്റെ ചിരവൈരികളും സൗദി പ്രോ ലീഗില്‍ ഒന്നാം സ്ഥാനക്കാരുമായ അല്‍ ഇത്തിഹാദ് ഫ്രഞ്ച് സൂപ്പര്‍ താരം കരിം ബെന്‍സെമയെയും എന്‍ഗോളോ കാന്റെയെയും സ്വന്തമാക്കിയിരിക്കുകയാണ്.
സൗദി പ്രോ ലീഗിന്റെ നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മോഹവില നല്‍കി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. 200 മില്യണ്‍ യൂറോയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് റൊണാള്‍ഡോ അല്‍ നസറുമായി സൈനിങ് നടത്തിയത്.
Content Highlights: Al Nassr wants to sign with Alex Tellas