സൗദി പ്രോ ലീഗിൽ റൊണാൾഡോയെ എത്തിച്ചതോടെ ലോക ശ്രദ്ധപിടിച്ചു പറ്റിയിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ നസർ.
തങ്ങളുടെ തട്ടകത്തിലേക്ക് റൊണാൾഡോയെത്തിയതോടെ അൽ നസറിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വൻ തോതിൽ വർധിച്ചിരുന്നു.
ഇതോടെ യൂറോപ്പിൽ നിന്നും കൂടുതൽ സൂപ്പർ താരങ്ങളെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ അൽ നസർ ശ്രമം നടത്തിയിരുന്നെങ്കിലും അതൊന്നും വിജയം കണ്ടില്ല.
എന്നാൽ മുമ്പേ തന്നെ അൽ നസർ നോട്ടമിട്ടിട്ടുള്ള റൊണാൾഡോയുടെ മുൻ സഹ താരം കൂടിയായ സെർജിയോ റാമോസിനെ പി.എസ്.ജിയിൽ നിന്നും തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ അൽ നസർ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.
സ്പാനിഷ് മാധ്യമമായ എൽ നാഷണലാണ് റാമോസിനെ സൈൻ ചെയ്യാനായി പി.എസ്. ജി ശ്രമം നടത്തുന്നതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
2021ൽ റയൽ മാഡ്രിഡിൽ നിന്നും പി.എസ്. ജിയിലേക്കെത്തിയ താരത്തിന്റെ ഉടൻ അവസാനിക്കും.
റാമോസിനെ ക്ലബ്ബിൽ നിലനിർത്തുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളൊന്നും പി.എസ്.ജിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്തതിനാലും മിലാനിൽ നിന്നും ഒരു താരത്തെ റാമോസിന്റെ പൊസിഷനിലേക്ക് കൊണ്ട് വരുമെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലുമാണ് അൽ നസർ റാമോസിനായി വല വിരിക്കുന്നത്.
നീണ്ട ഒമ്പത് സീസണുകളിൽ റയൽ മാഡ്രിഡിൽ റൊണാൾഡോക്കൊപ്പം കളിച്ച റാമോസ് കൂടി അൽ നസറിലെത്തിച്ചേർന്നാൽ ക്ലബ്ബിന്റെ നില കൂടുതൽ മെച്ചപ്പെടുമെന്നാണ് അൽ നസർ മാനേജ്മെന്റിന്റെ വിശ്വാസം.
ഇരുവരും ചേർന്ന് ലാ ലിഗ ടൈറ്റിലുകളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും റയൽ മാഡ്രിഡിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ട്.
റാമോസിനെ കൂടാതെ റൊണാൾഡോയുടെ മുൻ സഹതാരമായിരുന്ന ലൂക്കാ മോഡ്രിച്ചിനേയും അൽ നസർ തങ്ങളുടെ തട്ടകത്തിലെത്തിക്കാൻ നേരത്തെ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.
അതേസമയം സൗദി പ്രോ ലീഗിൽ നിലവിൽ 22 മത്സരങ്ങളിൽ നിന്നും 16 വിജയങ്ങളുമായി 52 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ.