പ്രതിവർഷം 225 മില്യൺ യൂറോ പ്രതിഫലം നൽകി റൊണാൾഡോയെ തങ്ങളുടെ ക്യാമ്പിലെത്തിച്ചതിന് പിന്നാലെ ലോക ഫുട്ബോളിൽ വലിയ ശ്രദ്ധയാണ് അൽ നസർ ക്ലബ്ബ് പിടിച്ചു പറ്റിയത്.
റൊണാൾഡോ ക്ലബ്ബിലെത്തിയതിന് പിന്നാലെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വർധിച്ച ക്ലബ്ബ് കൂടുതൽ സൂപ്പർ താരങ്ങളെക്കൂടി സൗദിയുടെ മണ്ണിലേക്കെത്തിക്കാൻ ശ്രമം തുടങ്ങിയിരുന്നു.
ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ് മുതലായ സൂപ്പർ താരങ്ങളുടെ പേരിൽ ക്ലബ്ബിനെ ചേർത്ത് ട്രാൻസ്ഫർ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും അതിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പിന്നീട് പുറത്ത് വന്നിരുന്നില്ല.
എന്നാലിപ്പോൾ റയൽ മാഡ്രിഡ് സൂപ്പർ താരമായ കരിം ബെൻസെമയെ സൈൻ ചെയ്യാൻ അൽ നസറിന് താൽപര്യമുണ്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സ്പെയ്നിൽ നിന്നും വന്ന വാർത്ത എന്ന രീതിയിൽ സ്പോർട്സ്കീഡയാണ് ബെൻസെമയെ റയൽ നോട്ടമിടുന്നുണ്ട് എന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ബെൻസെമയെക്കൂടി ക്ലബ്ബിലെത്തിക്കാൻ കഴിഞ്ഞാൽ ടീമിന്റെ മുന്നേറ്റ നിരയുടെ കരുത്ത് വർധിപ്പിക്കാനും ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യം വർധിപ്പിക്കാനും സാധിക്കും എന്നാണ് അൽ നസർ മാനേജ്മെന്റ് കണക്കുകൂട്ടുന്നത് എന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ 35 വയസുള്ള ബെൻസെമ റയലിൽ ഒരു വർഷം കൂടി കളിച്ചേക്കും. എന്നാൽ അതിന് ശേഷം റയൽ വിടുന്ന താരത്തെ സൈൻ ചെയ്യാനാണ് അൽ നസർ കരുക്കൾ നീക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.