| Friday, 17th February 2023, 5:32 pm

റൊണാൾഡോയിൽ നിർത്താൻ ഉദ്ദേശമില്ല; ബാഴ്സലോണയിൽ നിന്നും സൂപ്പർ താരത്തെ പൊക്കാൻ അൽ നസർ

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി പ്രോ ലീഗിലെ ഏറ്റവും ബ്രാൻഡ് മൂല്യമുള്ള ക്ലബ്ബാണ് അൽ നസർ. ജനുവരി ട്രാൻസ്ഫർ വിൻഡോയുടെ തുടക്കത്തിൽ ഏകദേശം 225 മില്യൺ യൂറോക്ക് റൊണാൾഡോയെ ടീമിലെത്തിച്ചത് മുതൽ ക്ലബ്ബിന്റെ ഓഹരി മൂല്യവും ബ്രാൻഡ് മൂല്യവും വർധിച്ചിരുന്നു.

എന്നാൽ റൊണാൾഡോയെ ക്ലബ്ബിലെത്തിച്ചിട്ടും സൗദി സൂപ്പർ കപ്പിൽ ടീം അൽ ഹിലാലിനോട് തോറ്റ് പുറത്തായിരുന്നു.
ഇതിനാൽ തന്നെ യൂറോപ്പിലെ ടോപ്പ് ലീഗുകളിൽ നിന്നും ക്ലബ്ബുകളിൽ നിന്നും കൂടുതൽ താരങ്ങളെ തങ്ങളുടെ തട്ടകത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് അൽ നസർ എന്നാണ് റിപ്പോർട്ടുകൾ.

ലാ ലിഗയിലെ കാറ്റലോണിയൻ ക്ലബ്ബ്‌ ബാഴ്സലോണയിൽ നിന്നും സെർജിയോ ബുസ്ക്കറ്റ്സിനെ ടീമിലെത്തിക്കാൻ അൽ നസർ ശ്രമം നടത്തുന്നു എന്നുള്ള റിപ്പോർട്ടുകളിപ്പോൾ പുറത്ത് വരുന്നുണ്ട്.

ഇറ്റാലിയൻ മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനോയാണ് തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.


ബാഴ്സലോണക്കായി 2008 മുതൽ മത്സരിക്കുന്ന ബുസ്ക്കറ്റ്സ് ഇതുവരെ 600 മത്സരങ്ങൾ കാറ്റലോണിയൻ ജേഴ്സിയിൽ കളിച്ചിട്ടുണ്ട്. 30 ട്രോഫികൾ ബാഴ്സക്കൊപ്പം ബുസ്ക്കറ്റ്സ് സ്വന്തമാക്കിയിട്ടുണ്ട്.

കൂടാതെ സ്പെയ്ൻ ദേശീയ ടീമിനൊപ്പം 2010 ലോകകപ്പും 2012 യൂറോകപ്പും ബുസ്ക്കെറ്റ്സ് സ്വന്തമാക്കിയിട്ടുണ്ട്.
ജൂണിലായിരിക്കും ബുസ്ക്കെറ്റ്സിനെ ക്ലബ്ബിലെത്തിക്കാൻ അൽ നസർ ശ്രമം നടത്തുക എന്നാണ് റൊമാനോയുടെ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ അമേരിക്കൻ ക്ലബ്ബ് ഇന്റർ മിയാമിയും താരത്തിനായി രംഗത്തുണ്ടെന്ന വാർത്തകൾ പുറത്ത് വരുന്നുണ്ട്.

എന്നാൽ അൽ നസറുമായി ഉയരുന്ന അഭ്യൂഹങ്ങൾക്ക് ബുസ്ക്കെറ്റ്സ് ഇതുവരെ മറുപടി നൽകിയിട്ടില്ല.
മുമ്പ് ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ്, പെപ്പെ മുതലായ താരങ്ങളും അൽ നസറുമായി ബന്ധപ്പെട്ട് ധാരാളം അഭ്യൂഹങ്ങൾ പുറത്ത് വന്നിരുന്നു.

അതേസമയം പ്രോ ലീഗിൽ 16 മത്സരങ്ങളിൽ നിന്നും 11 വിജയങ്ങളുമായി 37 പോയിന്റോടെ ടേബിളിൽ മൂന്നാം സ്ഥാനത്താണ് അൽ നസർ.

ഫെബ്രുവരി 17ന് അൽ താവൂനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം. ജയിച്ചാൽ ടീമിന് പോയിന്റ് പട്ടികയിലെ തങ്ങളുടെ നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധിക്കും.

Content Highlights:Al Nassr try to sign Sergio Busquets; report

We use cookies to give you the best possible experience. Learn more