സൗദി ടോപ്പ് ഡിവിഷൻ ഫുട്ബോൾ ലീഗായ പ്രോ ലീഗിലേക്ക് ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് റൊണാൾഡോ രംഗപ്രവേശനം ചെയ്തത്. റൊണാൾഡോയുടെ വരവോടെ ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വൻ തോതിൽ കുതിച്ചുയർന്നിരുന്നു. സൗദിയിലെത്തിയ താരം ക്ലബ്ബിനായി ഇതുവരെ ഒമ്പത് ഗോളുകളും 10 അസിസ്റ്റുകളുമടക്കം മൊത്തം 19 ഗോളുകളിൽ പങ്കാളിയുമായിട്ടുണ്ട്.
റൊണാൾഡോക്കൊപ്പം ഇനിയും സൂപ്പർ താരങ്ങളെ തങ്ങളുടെ ക്ലബ്ബിലെത്തിക്കാനുള്ള കഠിന ശ്രമത്തിലാണ് സൗദി ക്ലബ്ബായ അൽ നസർ.
നേരത്തെ ലൂക്കാ മോഡ്രിച്ച്, സെർജിയോ റാമോസ് എന്നിവരടക്കമുള്ള സൂപ്പർ താരങ്ങളെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ അൽ നസർ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും അതൊന്നും വിജയിച്ചിരുന്നില്ല.
എന്നാൽ ബ്രസീലിയൻ സൂപ്പർ താരമായ ഫിലിപ്പെ കുടീന്യോയെ അൽ നസർ തങ്ങളുടെ ക്യാമ്പിലെത്തിക്കാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ഫുട്ബോൾ ഇൻസൈഡറാണ് അൽ നസർ കുടീന്യോയെ സൈൻ ചെയ്യാൻ ശ്രമം നടത്തുന്നു എന്ന റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.
ഇന്റർ മിലാൻ, ബാഴ്സലോണ, ലിവർപൂൾ മുതലായ വമ്പൻ ക്ലബ്ബുകൾക്കായി ബൂട്ട് കെട്ടിയിട്ടുള്ള താരം നിലവിൽ ആസ്റ്റൺ വില്ലക്ക് വേണ്ടിയാണ് മത്സരിക്കുന്നത്.
വില്ലയുമായി 2026 വരെ കരാറുള്ള താരത്തെ ടീമിലെത്തിക്കുന്നതോടെ തങ്ങളുടെ സ്‌ക്വാഡ് കൂടുതൽ കരുത്തുറ്റതാകുമെന്നാണ് അൽ നസർ മാനേജ്മെന്റിന്റെ പ്രതീക്ഷ.
വില്ലക്കായി നിലവിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ സാധിക്കാത്ത കുടീന്യോയെ വിൽക്കുന്നതിന് ആസ്റ്റൺ വില്ലക്കും താത്പര്യമുണ്ട് എന്നാണ് ഫുട്ബോൾ ഇൻസൈഡറിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
അതേസമയം പ്രോ ലീഗിൽ നിലവിൽ 21 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളുമായി 49 പോയിന്റോടെ രണ്ടാം സ്ഥാനത്താണ് അൽ നസർ.