മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പ്രതിവർഷം 225 മില്യൺ ഡോളറിനാണ് പോർച്ചുഗീസ് ഇതിഹാസ താരം റൊണാൾഡോയെ സൗദി ക്ലബ്ബ് അൽ നസർ സൈൻ ചെയ്തത്. റോണോ ക്ലബ്ബിലെത്തിയതിന് പിന്നാലെ അൽ നസറിന്റെ ബ്രാൻഡ്, ഓഹരി മൂല്യത്തിൽ വൻ തോതിലുള്ള വർധനവ് ഉണ്ടായി.
എന്നാലിപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും റൊണാൾഡോയെ ക്ലബ്ബിലെത്തിച്ചതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെക്കൂടി അൽ നസർ നോട്ടമിടുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
പ്രതിവർഷം ഒമ്പത് മില്യൺ പൗണ്ട് പ്രതിഫലം നൽകി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ വിൽഫ്രഡ് സാഹയെ ക്ലബ്ബിലെത്തിക്കാൻ അൽ നസർ ശ്രമിക്കുന്നു എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഡെയ്ലി മെയിലാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2023 ജൂണിലാണ് നിലവിൽ ക്രിസ്റ്റൽ പാലസിൽ കളിക്കുന്ന സാഹയുടെ കരാർ അവസാനിക്കുന്നത്. ഇതോടെ ഫ്രീ ഏജന്റായി മാറുന്ന താരത്തെ തേടി നിരവധി ഓഫറുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ യൂറോപ്പിലെ ഏത് ക്ലബ്ബിനെക്കാളും ഉയർന്ന തുകയാണ് സാഹക്കായി യുണൈറ്റഡ് മുന്നോട്ട് വെച്ചിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
കൂടാതെ അൽ നസറിന്റെ പ്രോ ലീഗ് എതിരാളികളായ അൽ ഇത്തിഹാദിനും സാഹയെ നോട്ടമുണ്ട് എന്ന് ഡെയ്ലി മെയിലിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
നിലവിൽ പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിൽ കളിക്കുന്ന സാഹയാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരം.