| Thursday, 13th April 2023, 9:42 am

'റോണാള്‍ഡോ സന്തുഷ്ടനല്ല'; കോച്ചിനെ പുറത്താക്കി അല്‍ നസര്‍

സ്പോര്‍ട്സ് ഡെസ്‌ക്

സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസര്‍ കോച്ച് റൂഡി ഗാര്‍ഷ്യയെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ സംതൃപ്തനല്ലെന്ന കാരണത്താലാണ് അല്‍ നസര്‍ അദ്ദേഹത്തെ പുറത്താക്കിയത്.

സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം അല്‍ ഫെയ്ഹക്കെതിരെ നടന്ന മത്സരത്തിന് പിന്നാലെയാണ് സംഭവം. മത്സരത്തില്‍ സമനില വഴങ്ങിയതിനെ തുടര്‍ന്ന് ഗാര്‍ഷ്യ താരങ്ങളോട് അതിരുവിട്ട് സംസാരിച്ചിരുന്നെന്നും അത് റോണോയെ ചൊടിപ്പിക്കുകയുമായിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഗാര്‍ഷ്യയുടെ പരിശീലനത്തില്‍ റൊണാള്‍ഡോ അതൃപ്തി അറിയിച്ചതിന് പിന്നാലെ കോച്ചിനെ പുറത്താക്കാന്‍ അല്‍ നസര്‍ തീരുമാനിക്കുകയായിരുന്നു. സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അല്‍ ഫെയ്ഹക്കെതിരായ സമനിലക്ക് പിന്നാലെ അല്‍ നസറിന്റെ പ്രകടനത്തില്‍ അതൃപ്തിയറിയിച്ച് ഗാര്‍ഷ്യ രംഗത്തെത്തിയിരുന്നു. മത്സരഫലം തീര്‍ത്തും മോശമായിരുന്നെന്നും താരങ്ങളുടെ പ്രകടനത്തില്‍ ഒട്ടും തൃപ്തനല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കഴിഞ്ഞ മത്സരത്തിലേത് പോലെ കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവരത് ചെയ്തില്ലെന്നും ഗാര്‍ഷ്യ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷമാണ് ഗാര്‍ഷ്യ അല്‍ നസറിന്റെ പരിശീലകനായി ചുമതലയേറ്റത്. നേരത്തെ, ഫ്രഞ്ച് ക്ലബുകളായ ലിയോണ്‍, മാഴ്സെ തുങ്ങിയ ക്ലബുകളെ പരിശീലിപ്പിച്ച അനുഭവസമ്പത്തുള്ളയാളാണ് ഗാര്‍ഷ്യ.

പോയിന്റ് ടേബിളില്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ് അല്‍ നസര്‍. ഒന്നാമതുള്ള അല്‍ ഇതിഹാദിനെക്കാള്‍ മൂന്ന് പോയിന്റ് കുറവാണ് അല്‍ നസറിനുള്ളത്. 23 മത്സരത്തില്‍ നിന്നും 16 ജയവും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമായി 53 പോയിന്റാണ് അല്‍ നസറിനുള്ളത്.

Content Highlights: Al Nassr to part ways with Rudi Garcia

Latest Stories

We use cookies to give you the best possible experience. Learn more