സൗദി പ്രോ ലീഗിൽ ജനുവരി 22ന് റൊണാൾഡോ അൽ നസർ ജേഴ്സിയിൽ ഇറങ്ങുകയാണ്. ഇത്തിഫാക്കിനെതിരെയാണ് റൊണാൾഡോ സൗദി ക്ലബ്ബിനായി അരങ്ങേറ്റ മത്സരം കളിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ റൊണാൾഡോയുടെ വരവോട് കൂടി ക്ലബ്ബിന്റെ ബ്രാൻഡ് മൂല്യവും ഓഹരി മൂല്യവും വർധിച്ച അൽ നസർ യൂറോപ്പിൽ നിന്നും കൂടുതൽ താരങ്ങളെ തങ്ങളുടെ ക്യാമ്പിലേക്ക് എത്തിക്കാനുള്ള പുറപ്പാടിലാണ് എന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നും പുതിയ താരത്തെ റൊണാൾഡോക്ക് കൂട്ടായി കൊണ്ടുവരാൻ ഒരുങ്ങുകയാണ് അൽ നസർ എന്നാണ് പുറത്ത് വരുന്ന പുതിയ റിപ്പോർട്ടുകൾ. ക്രിസ്റ്റൽ പാലസിൽ നിന്നും സ്പാനിഷ് ഗോൾകീപ്പർ വിസെന്റെ ഗ്വാട്ടയെയാണ് അൽ നസർ തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നത് എന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
സ്പാനിഷ് സ്പോർട്സ് വെബ്സൈറ്റായ റിലേവോയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
36കാരനായ സ്പാനിഷ് ഗോളിയെ ആറ് മാസത്തെ കരാറിലാണ് ക്ലബ്ബിലേക്കെത്തിക്കാൻ അൽ നസർ ശ്രമിക്കുന്നത്. കൂടാതെ താരത്തിന്റെ പ്രകടനത്തിന് അനുസരിച്ച് കരാർ ദീർഘിപ്പിക്കും എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
മൂന്ന് മില്യണിൽ അധികം വരുന്ന ഒരു തുകയ്ക്കാവും അൽ നസർ ഗ്വാട്ടയെ ടീമിലെത്തിക്കുക.
അൽ നസർ ഗോൾകീപ്പർ ഡേവിഡ് ഒസ്പിനക്ക് കണ്ണിലേറ്റ പരുക്കുമൂലമാണ് പുതിയ താരത്തെ ക്ലബ്ബ് ടീമിലേക്കെത്തിക്കാൻ ശ്രമിക്കുന്നത്. മുൻമ്പ് റയലിൽ റൊണാൾഡോക്കൊപ്പം കളിച്ചിരുന്നു ഗോൾ കീപ്പർ കെയ്ലർ നവാസിനെ ടീമിലെത്തിക്കാൻ അൽ നസർ ശ്രമം നടത്തിയിരുന്നെങ്കിലും താരത്തിൽ നിന്നും അനുകൂലമായ തീരുമാനം ഒന്നും ക്ലബ്ബിന് ലഭിച്ചിരുന്നില്ല.
2018ലാണ് ഗ്വാട്ടിയ ക്രിസ്റ്റൽ പാലസിൽ എത്തിയത്. പാലസിനായി 100 മത്സരങ്ങൾ കളിച്ച ഗ്വാട്ടിയ പ്രീമിയർ ലീഗിലെ മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്.
എന്നാൽ ക്രിസ്റ്റൽ പാലസ് അടുത്തിടെ ഒരു വർഷത്തേക്ക് കരാർ നീട്ടിയ താരം അൽ നസറിലേക്ക് ചേക്കേറുമോയെന്ന് ഇത് വരെയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ പരിക്കേറ്റ ഒസ്പിനക്ക് അനുയോജ്യമായ പകരക്കാരനായാണ് ഗ്വാട്ടയെ അൽ നസർ കാണുന്നത് എന്നാണ് റിപ്പോർട്ടുകൾ.
അതേസമയം സൗദി പ്രോ ലീഗിൽ നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് അൽ നസർ. റൊണാൾഡോയെ ടീമിലെത്തിച്ചതോടെ പ്രോ ലീഗ് ടൈറ്റിലും ഏഷ്യൻ ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലക്ഷ്യം വെക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
Content Highlights:Al Nassr to bring English Premier Leagueplayer to play alongside Ronaldo; Report